തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കിനേക്കാൾ അമിത വിലയാണ് ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്നത്. പല തിയേറ്ററുകളിലും പോപ്‌കോണിനും കുടിവെള്ളത്തിനും ഉൾപ്പടെ അമിത വിലയാണ് വാങ്ങുന്നത്. എന്നാൽ, വിഷയത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതി ഉണ്ടെന്നാണ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറയുന്നത്.
പായ്‌ക്കറ്റുകളിൽ ഇടാതെയാണ് നിലവിൽ പോപ്കോൺ വിൽക്കുന്നത്. പായ്‌ക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിളവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വലയിലാണോ വിൽക്കുന്നതെന്നുമാണ് ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. അതിൽ കൂടിയ വിലയ്‌ക്ക് വിറ്റാൽ നടപടി സ്വീകരിക്കും.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്തുനിന്നുള്ള വെള്ളം തിയേറ്ററുകളിൽ അനുവദിക്കാത്തത് ഉപഭോക്‌താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഉണ്ടാകും. അവർക്കുൾപ്പടെ വെള്ളം അനുവദിക്കാതിരിക്കുന്നത് ശരിയല്ല.
അത് അനുവദിക്കുകയും കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാ ഹാളുകളിലും വിമാനത്താവളത്തിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, പായ്‌ക്കറ്റിൽ ഉള്ളതും അല്ലാത്തതുമായ ഉൽപ്പന്നങ്ങളുടെ വില നിശ്‌ചയിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് അധികാരമില്ലെന്നും ഉൽപ്പാദകർക്ക് തന്നെയാണ് വില നിശ്‌ചയിക്കാനുള്ള അധികാരമെന്നും വകുപ്പ് മേധാവി രാജേഷ് സാം പറഞ്ഞു.
പുറത്ത് 25 രൂപയുള്ള പോപ്കോൺ തിയേറ്ററിനുള്ളിൽ 250 രൂപയ്‌ക്ക് വരെയാണ് വിൽക്കുന്നതെന്നും കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നുവെന്നും ആരോപിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































