വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുകയാണ്.
ഈമാസം പത്താം തീയതിയാണ് കോടതിയിൽ ഹാജരാക്കിയ ഏഴ് ചാക്ക് ഹാൻസ് മോഷണം പോയതായി കണ്ടെത്തുന്നത്. അതീവ സുരക്ഷയോടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ നിന്ന് 13,800 പാക്കറ്റ് ഹാൻസ്, കൂൾലിപ്പ് എന്നിങ്ങനെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സബിത്ത് മോഷ്ടിച്ചു കൊണ്ടുപോയത്.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. സബിത്താണ് പ്രതിയെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 18ന് രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. അന്ന് സബിത്തിന് ജിഡി ചാർജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്.
സ്വന്തം കാറിൽ കയറ്റിയാണ് ഇയാൾ കടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിക്ക് പുറത്തുനിന്നും സ്റ്റേഷനിൽ നിന്നും ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. സംഭവം പുറത്തറിഞ്ഞത് മുതൽ സബിത്ത് ഒളിവിലാണ്. പോലീസുകാരൻ പ്രതിയായ സംഭവത്തിൽ വകുപ്പുതല നടപടിക്കായി ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാനും ഡി ഹണ്ടും അടക്കം സംസ്ഥാനം ഊന്നൽ ലഹരിക്കെതിരെ പോരാടുമ്പോൾ പോലീസ് സേനക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം. ലഹരിയുടെ വൻശേഖരം വീണ്ടും വിപണിയിലേക്ക് എത്തിക്കാൻ കാവൽക്കാർ തന്നെ കൂട്ടുനിൽക്കുകയെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക

































