ന്യൂഡെൽഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ കർശനമാക്കുന്നു. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്ട് ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇനിമുതൽ സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും.
2023ൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, കഴിഞ്ഞമാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായത്. രജിസ്ട്രാർ ഓഫ് ഇന്ത്യ മൃത്യുജ്ഞയ് കുമാർ നാരായണനാണ് ഒക്ടോബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം ജനന-മരണ സർട്ടിഫിക്കറ്റുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടക്കൂടുകൾ തയ്യാറാക്കിയിരിക്കുന്നത്. വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിന് ഇനിമുതൽ കർശനമായ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
ഇതുപ്രകാരം 21 ദിവസത്തിനുള്ളിൽ ആണെങ്കിൽ ഫീസൊന്നും കൂടാതെ സൗജന്യമായി ജനന-മരണ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം. 21 മുതൽ 30 ദിവസത്തിനുള്ളിൽ ആണെങ്കിൽ രജിസ്ട്രാർക്ക് നേരിട്ട് നിശ്ചിത ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. 30 ദിവസം മുതൽ ഒരുവർഷത്തിനുള്ളിൽ ആണെങ്കിൽ ജില്ലാ രജിസ്ട്രാററുടെയോ സർക്കാർ നിർദ്ദേശിച്ച അധികാരിയുടെയോ അനുമതിയും പിഴയും അടക്കേണ്ടി വരും.
ഒരുവർഷം മുതൽ രണ്ടു വർഷത്തിനുള്ളിൽ ആണെങ്കിൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അധികാരപരിധിയിലേക്ക് കാര്യങ്ങൾ നീങ്ങും. രണ്ടുവർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യണമെങ്കിൽ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമായിരിക്കും.
Most Read| റഷ്യൻ എണ്ണ വാങ്ങിയാൽ 100% വരെ താരിഫ്; ബിൽ പാസാക്കി യുഎസ്





































