വാഷിങ്ടൻ: സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് അമേരിക്ക ആലോചിച്ചു വരികയാണെന്ന് ട്രംപ് സൂചന നൽകി.
താൻ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിലാണെന്നും അധികം വൈകാതെ വലിയ സംഭവങ്ങൾ ഉണ്ടായേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മധ്യസ്‌ഥരായി പ്രവർത്തിക്കുന്ന ഖത്തർ വഴിയാണ് ഇറാൻ നിബന്ധനകൾ അമേരിക്കയ്‌ക്ക് കൈമാറിയത്. ഇറാനെ നേരിടാൻ അമേരിക്കയ്‌ക്ക് മുന്നിൽ നിരവധി വഴികളുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഇറാനെ പൂർണമായി ഇല്ലാതാക്കുക, ഇറാന്റെ സമ്പദ്‌വ്യവസ്‌ഥ തകരാൻ അനുവദിക്കുക, അല്ലെങ്കിൽ ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തുക എന്നീ മൂന്ന് സാധ്യതകളെ കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതും നാവിക ഉപരോധം പിൻവലിക്കുന്നതും ഉൾപ്പടെയുള്ള നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പുതിയ ചർച്ചകൾക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ഇറാൻ.
ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകൾ അമേരിക്കയെ അറിയിച്ചതായി ഇറാൻ സ്‌ഥിരീകരിച്ചിരുന്നു. നിബന്ധനകൾ കൈമാറിയതായി ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമദ് ബാഗർ ഘാലിബാഹ് ഞായറാഴ്‌ച സ്‌ഥിരീകരിച്ചിരുന്നു. ഖത്തറാണ് ഇറാന്റെ ആവശ്യങ്ങൾ അമേരിക്കയ്‌ക്ക് കൈമാറിയതെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ തലവൻ മൊഹ്‌സെൽ റെസായി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഞായറാഴ്‌ച ന്യൂയോർക്കിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഖത്തർ വഴിയാണ് അരാഗ്‌ചി ന്യൂയോർക്കിലേക്ക് പോവുക. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും യുഎസ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ ഇറാൻ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തിരുന്നു. യുഎൻ സമ്മേളനത്തിന് എത്തുന്ന ഇറാൻ സംഘവുമായി ചർച്ചകൾക്കുള്ള സാധ്യതകളും ട്രംപ് തള്ളിയിട്ടില്ല.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം






































