തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ സംസ്‌ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോർട് കൈമാറി. മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനും അന്നത്തെ സർക്കാർ ഉദ്യോഗസ്‌ഥർക്കും എതിരെ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ട്.
കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസുക്കണമെന്നും നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിപി പി. വിജയന്റെ അന്വേഷണത്തിൽ മുൻമന്ത്രിക്കും ഉദ്യോഗസ്‌ഥർക്കും എതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. ഈ റിപ്പോർട് പരിശോധിച്ച ശേഷമാണ് സംസ്‌ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിലേക്ക് ഫയൽ കൈമാറിയത്.
ഫുട്‍ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്‍ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ അബ്‌ദുറഹിമാനെ കേസിൽ പ്രതിചേർക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
അബ്‌ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്‌തിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം വ്യാഴാഴ്‌ച മലപ്പുറത്തെത്തി മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്‌തത്. തുടർന്നാണ് അന്തിമ റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുൻ മന്ത്രിക്കും ഉദ്യോഗസ്‌ഥർക്കും എതിരെ തുടരന്വേഷണം വേണമോ എന്ന കാര്യത്തിൽ സർക്കാരാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്.
Most Read| ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കും ഉയരും




































