തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകളും എക്‌സാലോജിക്ക് ഉടമയുമായ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ സംസ്‌ഥാന വിജിലൻസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന്റെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
രണ്ട് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് മുഹമ്മദ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസാണ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും ഇന്ന് രൂപീകരിക്കും. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്‌ടർക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ പിണറായി വിജയൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. വീണയും പിണറായിക്കൊപ്പം ഹരജി നൽകും. കോടതി അനുവദിച്ചാൽ മാത്രമാകും അപ്പീൽ പരിഗണിക്കുക. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇഡി റിപ്പോർട്ടിൽ നേരിട്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നത് തെറ്റാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ അപ്പീൽ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































