കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. ആലുവയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്.
17കാരന്റെ പിതാവും കാറിന്റെ ആർസി ഉടമയുമായ ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ളയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിന്റെ മൊഴിയെടുക്കുന്നത് സംബന്ധിച്ച് അനുമതി ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, കേസിൽ ജില്ലാ ജഡ്ജി പോലീസ് സ്റ്റേഷൻ സന്ദർശിച്ച നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോർട് കൈമാറിയത്.
ജഡ്ജി സ്റ്റേഷനിൽ എത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദർശനത്തിന് മുൻപ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രസ്തുത റിപ്പോർട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിർവഹണ സമിതി വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയ ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സമിതി ഉടൻ കടന്നേക്കും.
അതേസമയം, കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് എഡിജിപിയുടെ സന്ദർശനം. അതേസമയം, പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തുണ്ട്.
കേസിലെ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കുക, പ്രതിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പ്രതിയുടെ പിതാവായ അഡീ. ജില്ലാ ജഡ്ജിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ പോലീസ് സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിവരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
വിഷയത്തിൽ കുടുംബവുമായി നേരിട്ട് സംസാരിച്ച മുഖ്യമന്ത്രി വിഡി സതീശൻ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ന് വൈകുന്നേരം നാലുമണിക്കുള്ളിൽ ആവശ്യങ്ങളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും ശക്തമായ സമരം തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്






































