കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സർക്കാർ. നാല് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ചേരാനല്ലൂർ എസ്എച്ച്ഒ വിശ്വജിത്, സിഐ രാംകുമാർ, ഗ്രേഡ് എസ്ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുൺ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എഡിജിപി പി. വിജയൻ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആദ്യഘട്ടത്തിൽ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തി, എഫ്ഐആർ ഇടുന്നതിലുള്ള കാലതാമസം, നാട്ടുകാർ അപകടസ്ഥലത്തെ ദൃശ്യങ്ങൾ പകർത്തിയ ഫോണുകളിൽ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകൾ പോലീസിന് സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കേസിൽ 17 കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പോലീസിന് വീഴ്ച ഉണ്ടായെന്നും പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിന് മുൻപ് പ്രതിക്ക് ജാമ്യം അനുവദിച്ചത് അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ഡിജിപിയോട് ചോദിച്ചു. പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിയായ 17കാരന്റെ പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ളയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയതിനെ തുടർന്നുണ്ടായ അപകടത്തിൽ, ആർസി ഓണർ എന്ന നിലയിലാണ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൂന്നുവർഷത്തെ തടവും 25,000 രൂപ പിഴയും വിധിക്കാവുന്ന വകുപ്പാണിത്.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തുണ്ട്.
കേസിലെ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കുക, പ്രതിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പ്രതിയുടെ പിതാവായ അഡീ. ജില്ലാ ജഡ്ജിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്




































