ന്യൂഡെൽഹി: കോൺഗ്രസ് എസ്‌ഐആറിനെ പിന്തുണയ്‌ക്കുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് കയറിയ ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്‌ഐആറിലൂടെ 13 കോടി വോട്ടർമാർ പുറത്തുപോയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അമിത് ഷാ.
ബിജെപി രാജ്യവ്യാപകമായി നടത്തുന്ന ‘ജനാധിപത്യം സംരക്ഷിക്കൂ, അരാജകത്വം അകറ്റൂ’ (ലോകതന്ത്ര ബച്ചാവോ, അരാജകത ഹട്ടാവോ) എന്ന പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ഹൈദരാബാദിൽ നടന്ന റാലിയിൽ വെച്ചാണ് അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെയും എസ്‌ഐആറിനെതിരായ കോൺഗ്രസിന്റെ സമരത്തെയും വിമർശിച്ചത്.
”പുറത്തായ 13 കോടി പേരിൽ 6.25 കോടി വോട്ടർമാർ പുതിയ വിലാസത്തിലേക്ക് മാറിയതാണ്. മൂന്നുകോടി പേർ മരിച്ചു പോയവരാണ്. ഏതാണ്ട് ഒരുകോടി പേരുടേത് ഇരട്ടിപ്പാണ്. ബാക്കി മൂന്നുകോടി പേർ നിലനിൽക്കുന്നവരെയല്ല. കാരണം അവർ ബംഗ്ളാദേശിൽ നിന്ന് നുഴഞ്ഞുകയറിയവരാണ്”- അമിത് ഷാ വ്യക്‌തമാക്കി.
”കോൺഗ്രസ് കള്ളവോട്ടിലൂടെ തിരഞ്ഞെടുപ്പ് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഒരാൾക്ക് രണ്ട് വോട്ടുണ്ടെങ്കിൽ അതിൽ ഒരെണ്ണം റദ്ദാക്കണ്ടേ? ഇവിടെയാണ് രാഹുൽ ബാബയുടെ വയറുവേദനയുടെ കാരണം വരുന്നത്. ഈ മൂന്നുകോടി വോട്ടർമാർ ഇവിടെ നിലനിൽക്കാത്തവരുടെ പട്ടികയിൽ ഉള്ളതാണ്. അവർ ബംഗ്ളാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ്”- അമിത് ഷാ പറഞ്ഞു.
”നരേന്ദ്രമോദി വിജയിച്ചത് എസ്‌ഐആർ കാരണമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെയും അമിത് ഷാ വിമർശിച്ചു. എനിക്ക് രാഹുലിനോട് ചോദിക്കാനുള്ളത് 2014ൽ മോദി ജയിച്ചു. അന്ന് എസ്‌ഐആർ ഉണ്ടായിരുന്നോ? അദ്ദേഹം ജനങ്ങളുടെ വോട്ട് നേടിയാണ് വിജയിച്ചത്. 2019ൽ വിജയിച്ചപ്പോഴും എസ്‌ഐആർ ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ വോട്ടർമാരാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്.
2024ന് ശേഷം ഞങ്ങൾ മഹാരാഷ്‌ട്രയിലും ഹരിയാനയിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 30 വർഷങ്ങൾക്ക് ശേഷം ഡെൽഹിയിലും വിജയിച്ചു. കോൺഗ്രസും അവരുടെ സഖ്യകക്ഷികളും എസ്‌ഐആർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. കാരണം, ഈ നുഴഞ്ഞുകയറ്റക്കാരാണ് അവരുടെ വോട്ട് ബാങ്ക്. എന്നാൽ, ബിജെപി പ്രവർത്തകർ എസ്‌ഐആറിന് വേണ്ടി ശക്‌തമായി നിൽക്കും. ഇന്ത്യൻ പൗരൻമാരെ മാത്രമേ ഇവിടെ വോട്ട് ചെയ്യാൻ അനുവദിക്കൂ”- അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം





































