മൗണ്ട് മംഗനൂയി: ന്യൂസിലൻഡിനെതിരെ നാലാം ഏകദിനത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 244 റൺസിനാണ് തോൽവി. മൗണ്ട് മംഗനൂയി നടന്ന മൽസരത്തിൽ കിവീസ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.4 ഓവറിൽ 89 റൺസെടുത്ത് പുറത്തായി. ഇതോടെ പരമ്പര 2-1 എന്ന നിലയിലായി.
ഞായറാഴ്ച നടക്കുന്ന അവസാന മൽസരം വിജയിച്ചാൽ ന്യൂസിലൻഡിന് പരമ്പര സമനിലയിലാക്കാൻ സാധിക്കും. 53 പന്തിൽ 27 റൺസെടുത്ത ഇഷാൻ കിഷനാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. നമൻ ധീർ (24 പന്തിൽ 21), അക്ഷർ പട്ടേൽ (36 പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
മറുപടി ബാറ്റിങ്ങിൽ ഒമ്പത് റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ ഓവറിൽ രോഹിത് ശർമ, വിരാട് കോലി, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. അഞ്ച് റൺസെടുത്ത ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് കൈൽ ജെയ്മിസന്റെ പന്തിൽ മിച്ചൽ ബ്രേസ്വെൽ ക്യാച്ചെടുത്താണ് മടങ്ങിയത്.
മുൻനിരയുടെ പതനത്തിന് ശേഷം മധ്യനിര ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും മാറ്റ് ഹെൻറിയും മാത്യു ഫിഷറും ചേർന്ന് ഇന്ത്യൻ ബാറ്റർമാരെ തകർത്തെറിയുകായായിരുന്നു. 2027 ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഈ തോൽവിയുടെ ആഘാതം ഇന്ത്യക്ക് ഉൾക്കൊള്ളാനാകാത്തതാണ്. 2000ത്തിന് ശേഷം ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണിത്.
2000 ഒക്ടോബറിൽ ഷാർജയിൽ ശ്രീലങ്കക്കെതിരെ 54 റൺസിനും, 2010ൽ ദാംബുള്ളയിൽ ന്യൂസിലൻഡിനെതിരെ 88 റൺസിനും പുറത്തായതാണ് ഇതിന് മുമ്പുള്ള മോശം പ്രകടനങ്ങൾ. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്കോർ കൂടിയാണിത്. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ നേരിടുന്ന രണ്ടാമത്തെ വലിയ തോൽവിയാണിത്. 2000ത്തിൽ ഷാർജയിൽ ശ്രീലങ്കയോട് 245 റൺസിന് തോറ്റതാണ് ഒന്നാമത്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ




































