മലപ്പുറം: സംസ്ഥാനത്തെ വിപണികളിൽ കൂടുതൽ സജീവമായി മെർക്കുറി വിഷബാധ അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന. ഇത്തരത്തിൽ മുഖം വെളുക്കാൻ ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായാണ് പരാതി. മലപ്പുറത്താണ് സംഭവം.
മെർക്കുറിയുടെ സാന്നിധ്യം മൂലം ‘മെംബ്രനസ് നെഫ്രോപതി’ എന്ന വൃക്ക രോഗം ബാധിച്ച പെൺകുട്ടി വിദഗ്ധ ചികിൽസയിലൂടെ അപകടനില തരണം ചെയ്തു. കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ചികിൽസിച്ച ഡോക്ടർമാർ വ്യക്തമാക്കി.
ഏകദേശം ഒരുവർഷമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിന്നാലെ കൈകാലുകളിലും മുഖത്തും നീരുവന്നു. ഇതോടെയാണ് ചികിൽസ തേടിയത്.
പരിശോധനയിൽ രക്തത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. തുടർന്ന് ക്രീം പരിശോധിച്ചപ്പോഴും ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം.
കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓൺലൈൻ വഴി ഇത്തരം സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിൽ എത്തുന്നുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും കൃത്യസമയത്ത് ചികിൽസ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പ്രകാരം സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറി അടങ്ങാൻ പാടില്ല. ഓൺലൈൻ വഴി വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത



































