ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 13 പേർ മരിച്ചതായാണ് അവസാനമായി പുറത്തുവന്ന വിവരം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള രണ്ടുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നതെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.
അതേസമയം, മരിച്ചത് ഏതൊക്കെ രാജ്യക്കാരനാണെന്നും പരിക്കേറ്റവർ ആരെന്നുമുള്ള വിവരങ്ങൾ അധികൃതർ വൈകാതെ പുറത്തുവിടും. ഇന്ന് പുലർച്ചെ റാസൽഖൈമയിലെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലായിരുന്നു അപകടം. സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് 41 യാത്രക്കാരുമായി വന്ന ബസ് ഇടിച്ചുകയറുകയായിരുന്നു.
11 പേർ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടത്. ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും റോഡിലെ അപ്രതീക്ഷിത തടസങ്ങൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർഥിച്ചു. അപകടത്തെ കുറിച്ചുള്ള വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.
ഫുജൈറയിൽ 14 പേരുടെ മരണത്തിനിടയാക്കിയ വൻ വാഹനാപകടം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് റാസൽഖൈമയിലെ ദാരുണ സംഭവം. ഈമാസം 12ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചു തീപിടിച്ചായിരുന്നു ഫുജൈറയിലെ അപകടം. അതിൽ നാല് ഇന്ത്യക്കാരും 10 യുഎഇ പൗരൻമാരുമാണ് മരിച്ചത്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം





































