പത്തനംതിട്ട: ശബരിമല അയ്യപ്പ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ മാറ്റം വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌ത ശേഷം റദ്ദ് ചെയ്‌താൽ പിന്നീട് വീണ്ടും ബുക്ക് ചെയ്യാൻ എട്ട് മണിക്കൂർ കാത്തിരിക്കേണ്ടി വരും. കൂട്ടത്തോടെ ബുക്ക് ചെയ്‌തുള്ള തട്ടിപ്പ് തടയാനാണ് പുതിയ നടപടി.
പുതിയ സംവിധാനം ഇന്ന് രാത്രി മുതൽ നിലവിൽ വരും. മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനത്തോളം തീർഥാടകരുടെ കുറവാണ് ഇതുവരെ ഉണ്ടായത്. ഇതിനെക്കുറിച്ച് പരിശോധിച്ചപ്പോൾ ഇതര സംസ്‌ഥാനത്തുള്ള ഭക്‌തരെ എത്തിക്കുന്ന ചില ഏജൻസികൾ ഡമ്മി ബുക്കിങ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
അതേസമയം, ശബരിമല ദർശനത്തിന് കൂടുതൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഒരുക്കണമെന്ന് ദേവസ്വം ബോർഡിന് മന്ത്രി കെ. മുരളീധരൻ കത്ത് നൽകി. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
വെർച്വൽ ക്യൂവിന്റെ പരിധി കഴിഞ്ഞു എന്ന കാരണത്താൽ തീർഥാടകർക്ക് അയ്യപ്പ ദർശനം നിഷേധിക്കപ്പെടുന്നത് ശരിയല്ല. വെർച്വൽ ക്യൂവിൽ രജിസ്‌റ്റർ ചെയ്യാനാവുന്നില്ല എന്ന പരാതി ഭക്‌തർക്ക് ഉണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































