കോട്ടയം: മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ കാത്തലിക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ. അറസ്‌റ്റ് വിവരമറിഞ്ഞ് ഇരുപത് പേരാണ് ഇയാൾക്കെതിരെ പരാതിയുമായി കോട്ടയം വെസ്‌റ്റ് പോലീസിനെ സമീപിച്ചത്. പലരിൽ നിന്നായി ഒരു കോടി രൂപയോളം ഇയാൾ തട്ടിയെന്നാണ് പോലീസ് നിഗമനം.
കത്തോലിക്കാ സഭയുടെ വിവിധ സ്‌ഥാപനങ്ങളിൽ എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ബിനുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആലപ്പുഴ സ്വദേശിയായ നൗഷാദാണ് പരാതി നൽകിയത്. റെയിൽവേ, ഫെഡറൽ ബാങ്ക്, കാത്തലിക് ബാങ്ക് എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഒരു കോടി തട്ടിയെന്ന പരാതിയിൽ കുറുവിലങ്ങാട് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൂടാതെ, ചങ്ങനാശേരി സ്വദേശിക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്‌പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ ഇയാൾ തട്ടി. ജയിലിൽ വെച്ച് പരിചയപ്പെട്ട മോഷ്‌ടാവിനെ കൊണ്ട് ബിവറേജിൽ മോഷണം നടത്തിയതിന് ഗാന്ധിനഗർ പോലീസിലും ബിനുവിനെതിരെ കേസുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന നിരവധി ചെക്ക് കേസിലും ഇയാൾ പ്രതിയാണ്. എറണാകുളത്തും പാലക്കാടും ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. ബിനുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. എറണാകുളത്തും പാലക്കാടും താമസിച്ച ശേഷം വാടക നൽകാതെ മുങ്ങിയ നിരവധി പരാതികളും ബിനുവിനെതിരെയുണ്ട്. ബിഷപ്പുമാരുടെയും വൈദികരുടെയും ഫോട്ടോയും മറ്റും കാണിച്ചാണ് ഇയാൾ ആളുകളിൽ നിന്ന് പണം തട്ടിയിരുന്നത്.


































