കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സമസ്ത. കോഴിക്കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയുടെ ഭാഗമായി സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കമാണ് പ്രതികരിച്ചത്. പോരായ്മയുണ്ടെങ്കിലും പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണ്. ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ മാറ്റി നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടി കോഴിക്കോട് നടക്കുന്നത്. നിലവിലുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാതൃ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മാറ്റി നിര്‍ത്തിയത്. എസ്ഡിപിഐയെയും യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.