ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയത് വ്യക്‌തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ വാക്‌സിൻ സംബന്ധിച്ചുള്ള എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും ആരോഗ്യമന്ത്രി അവകാശപ്പെട്ടു.
രോഗപ്രതിരോധം പരിഗണിക്കുമ്പോൾ ഇന്ത്യയിൽ അനുമതി നൽകിയ രണ്ടു വാക്‌സിനുകളും സുരക്ഷിതമാണെന്ന് തുടക്കം മുതൽ താൻ പറഞ്ഞിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് അദ്ദേഹം എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. 60 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിച്ചപ്പോൾ തന്നെ അദ്ദേഹം വാക്‌സിൻ സ്വീകരിക്കാൻ തയാറായി മുന്നോട്ട് വന്നു, ഹർഷവർധൻ പറഞ്ഞു.
സുരക്ഷിതവും പ്രയോജനകരവും ആയിരുന്നിട്ടും കോവാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്. ഇതിലൂടെ അദ്ദേഹം വ്യക്‌തമായ ഒരു സന്ദേശം നൽകുകയായിരുന്നു.
തിങ്കളാഴ്‌ച രാവിലെ ഡെൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരൻമാരെല്ലാം വാക്‌സിൻ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. 60 വയസിന് മുകളിൽ പ്രായമുള്ളവരും 45 വയസിന് മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷവർധനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Read also: സുപ്രീം കോടതി ജഡ്‌ജിമാർക്ക് ഇഷ്‌ടമുള്ള വാക്‌സിൻ തിരഞ്ഞെടുക്കാൻ അവസരം



































