തിരുവനന്തപുരം: എംജി സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്. സ്‌ത്രീ സുരക്ഷക്ക് വേണ്ടിയുള്ള കെ സുധാകരന്റെ നിലപാട് സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രശ്‌നം പരിഹരിക്കാനുള്ള ശേഷി എഐഎസ്എഫിന് ഉണ്ടെന്ന് വനിതാ നേതാവ് ചൂണ്ടിക്കാട്ടി.
സിപിഎം- സിപിഐ വിഷയമായി ഇതിനെ കാണരുതെന്നും വനിതാ നേതാവ് പറഞ്ഞു. കോൺഗ്രസിലേക്ക് ക്ഷണിച്ച കെ സുധാകരന്, താൻ കമ്മ്യൂണിസ്‌റ്റ് ആണെന്ന മറുപടിയാണ് എഐഎസ്എഫ് വനിതാ നേതാവ് നൽകിയത്.
എസ്എഫ്ഐ നേതാക്കൾ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയർത്തിയത്. എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ആണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് ആയ കെഎം അരുൺ എന്നിവർക്ക് എതിരെയാണ് പരാതി.
എന്നാൽ, എഐഎസ്എഫ് ഇത്ര ഗുരുതര ആരോപണം ഉയർത്തിയിട്ടും സിപിഐ നേതാക്കള്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സിപിഐക്ക് നട്ടെല്ല് നഷ്‌ടമായെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
സിപിഐ വിടാൻ ആഗ്രഹിക്കുന്നവരെ സുധാകരൻ സ്വാഗതം ചെയ്‌തു. കോൺഗ്രസിൽ ഏകാധിപതികൾ ഇല്ല. സിപിഐ വിട്ട് എത്തുന്നവർക്ക് ഗുണ്ടകൾ വില പറയില്ല. എംജി സര്‍വകലാശാല വിഷയത്തിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്യുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ലെങ്കിൽ അത് കൊണ്ടുപോകാൻ കോൺഗ്രസിന് അറിയാമെന്നും സുധാകരൻ പറഞ്ഞിരുന്നു.
Most Read: 10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ്