ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളി; ചെന്നിത്തല

By Desk Reporter, Malabar News
Ramesh-Chennithala on Consulate Gold Smuggling
Ajwa Travels

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കെടി ജലീലിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്‌ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം തീരുമാനം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നിന്ന് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച് ഉന്നതമായ ജനാധിപത്യമുല്യം ഉയര്‍ത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ സംസ്‌ഥാനത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. കെഎം മാണിക്കെതിരെ സംശയത്തിന്റെ പേരില്‍ മാത്രം കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജി വെക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സിപിഎം തന്നെയാണ്. അന്ന് കെഎം മാണി രാജി വെക്കുകയും ചെയ്‌തു എന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ ഇവിടെ ലോകായുക്‌ത സംശയമല്ല കെടി ജലീലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അതിനാല്‍ മന്ത്രി സ്‌ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വളരെ വ്യക്‌തമായി തന്നെയാണ് ലോകായുക്‌ത വിധിച്ചിരിക്കുന്നത്.

എന്നിട്ടും മന്ത്രി രാജി വെക്കേണ്ട ആവശ്യം ഇല്ലെന്ന് പറയുന്ന സിപിഎം അഴിമതിക്ക് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ അൽഭുതപ്പെടാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

“അഴിമതി തടയാനാണ് ലോകായുക്‌ത എന്ന സംവിധാനം രൂപീകരിച്ചത്. അതിന്റെ വിധി അനുസരിക്കാതെ ഇരിക്കുന്നത് അഴിമതി ആരും തടയരുത് എന്ന് പറയുന്നതിന് തുല്യമാണ്. അഴിമതിക്കെതിരെ മുന്‍പ് സിപിഎം ഘോരഘോരം നടത്തിയ പ്രസംഗങ്ങളെല്ലാം വെറും വാചക കസര്‍ത്ത് മാത്രമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു,”- അദ്ദേഹം കുറ്റപ്പെടുത്തി.

കോടതി പരാമര്‍ശത്തിന്റെ പേരില്‍ ജലീൽ രാജി വെക്കേണ്ടതില്ലെന്ന നിയമമന്ത്രി എകെ ബാലന്റെ പ്രസ്‌താവനക്ക് എതിരെയും ചെന്നിത്തല വിമർശനം ഉന്നയിച്ചു. ബാലന്റെ പ്രസ്‌താവന ഇടതു മുന്നണി എത്രമാത്രം ജീര്‍ണിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ്. വോട്ടെടുപ്പ് കഴിഞ്ഞ സ്‌ഥിതിക്ക് ഈ സര്‍ക്കാരിന് കേവലം ഒരു കാവല്‍ മന്ത്രിസഭയുടെ പദവിയേ ഉള്ളൂ. കഷ്‌ടിച്ച് എതാനും ദിവസങ്ങള്‍ മാത്രമാണ് ഈ സർക്കാരിന് കാലാവധി അവശേഷിക്കുന്നത്. എന്നിട്ടും ജലീലിനെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ പിന്തുണ നല്‍കുന്ന സിപിഎം എത്രത്തോളം ജനവിരുദ്ധമായിക്കഴിഞ്ഞു എന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Also Read:  കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE