ന്യൂഡെൽഹി: അനിൽ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്‌ചർ കമ്പനിയും ഡെൽഹി മെട്രോയും തമ്മിൽ നാല് വർഷമായി നിലനിന്നിരുന്ന കേസിൽ റിലയൻസിന് അനുകൂലമായി കോടതി വിധി. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. അനുകൂല വിധി ലഭിച്ചതോടെ പലിശയടക്കം 46.6 ബില്യൻ കോടി രൂപ നഷ്‌ട പരിഹാരമായി റിലയൻസ് ഗ്രൂപ്പിന് ലഭിക്കുമെന്നാണ് റിപ്പോർട്.
കമ്പനി കടബാധ്യതയും ജപ്‌തി നടപടികളും നേരിടുന്ന സാഹചര്യത്തിലാണ് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. നഷ്‌ട പരിഹാരത്തിലൂടെ ലഭിക്കുന്ന തുക കടബാധ്യതകൾ വീട്ടാൻ ഉപയോഗിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകർ കോടതിയെ ധരിപ്പിച്ചു. കോടതി വിധി വന്നതിന് പിന്നാലെ റിലയൻസ് ഇൻഫ്രാസ്ട്രെക്‌ചറിന്റെ ഓഹരി മൂല്യം അഞ്ച് ശതമാനത്തോളം ഉയരുകയും ചെയ്‌തു.
2008ലാണ് റിലയൻസും ഡെൽഹി മെട്രോയും തമ്മിൽ കരാറുണ്ടാക്കുന്നത്. രാജ്യത്തെ ആദ്യ സിറ്റി റെയിൽ പ്രോജക്റ്റ് 2038 വരെ നടത്താനായിരുന്നു കരാർ. എന്നാൽ ഫീസ് ഇനത്തിലും നടത്തിപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതോടെ ഈ പദ്ധതിയിൽ നിന്ന് 2012ൽ റിലയൻസ് പിൻമാറി. ഡെൽഹി മെട്രോ വ്യവസ്‌ഥകൾ ലംഘിച്ചുവെന്നും കരാർ റദ്ദാക്കുന്നതിനാവശ്യമായ ഫീസ് ലഭിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.
Read Also: താലിബാൻ വിഷയം; അഫ്‌ഗാന് എതിരായ മൽസരത്തിൽ നിന്ന് ഓസീസ് പിൻമാറിയേക്കും