ഇപ്പോഴത്തെ അദ്ധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണയുണ്ടാവില്ല- ​ഗുലാം നബി ആസാദ്

By Desk Reporter, Malabar News
gulam nabi azad_padma-bhushan
ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺ​​ഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ്. കോൺ​ഗ്രസ് നേതൃത്വത്തിൽ സമ​ഗ്രമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ച് നാലു ദിവസത്തിനു ശേഷമാണ് മുൻ നിലപാട് ആവർത്തിച്ച് ​ഗുലാം നബി ആസാദ് രം​ഗത്തെത്തിയത്.

“തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പാർട്ടിയിലെ 51 ശതമാനം ആളുകളുടെയെങ്കിലും പിന്തുണയുണ്ടാകണം. ഇപ്പോൾ പ്രസിഡന്റായി ഇരിക്കുന്ന വ്യക്തിക്ക് ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഉണ്ടായിരിക്കില്ല. കോൺ​ഗ്രസ് പ്രവർത്തക സമിതി അദ്ധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ മാറ്റാൻ പറ്റില്ല. പിന്നെ എന്താണ് പ്രശ്നം?”- ​ഗുലാം നബി ആസാദ് ചോദിച്ചു.

തങ്ങളുടെ നിർദ്ദേശത്തെ എതിർക്കുന്ന ഭാരവാഹികൾക്കും സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാർക്കും ബ്ലോക്ക് ജില്ലാ പ്രസിഡന്റുമാർക്കും തെരഞ്ഞെടുപ്പ് നടന്നാൽ അവർ എവിടെയും ഉണ്ടാകില്ലെന്ന് അറിയാം. കോൺഗ്രസിനോട് ആത്മാർത്ഥത ഉള്ളവർ തങ്ങളുടെ കത്തിനെ സ്വാ​ഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമ​ഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ​ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എം‌പിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺ​ഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.

കത്തിനെച്ചൊല്ലി കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ ഫലമായാണ് കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ കത്തയച്ചത് എന്ന രാഹുലിന്റെ ആരോപണം മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിരുന്നു. രാഹുലിന്റെ ആരോപണം ശരിയാണെന്നു തെളിയിച്ചാൽ താൻ രാജിവക്കാൻ തയ്യാറാണെന്ന് ​ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. കത്തിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ ഇപ്പോഴും പാർട്ടിയിൽ തുടരുകയാണ്. കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉത്തർപ്രദേശ് കോൺ​ഗ്രസ് ഘടകത്തിനുള്ളിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ കോൺഗ്രസ് യൂണിറ്റ് ആണ് മുൻ കേന്ദ്രമന്ത്രിയും യു.പിയിലെ പാർട്ടിയുടെ ബ്രാഹ്മണ മുഖവുമായ ജിതിൻ പ്രസാദക്കെതിരെ നടപടിയെടുക്കണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 കോൺ​ഗ്രസ് നേതാക്കൾക്കെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിൽ ജിതിൻ പ്രസാദയുടെ പേര് പ്രത്യേകം എടുത്തു പറയുന്നുണ്ട്.

“കത്തിൽ ഒപ്പിട്ട ഉത്തർപ്രദേശിൽ നിന്നുള്ള ഏക വ്യക്തി ജിതിൻ പ്രസാദയാണ്. അദ്ദേഹത്തിന്റെ കുടുംബം ​ഗാന്ധി കുടുംബത്തിന് എതിരാണെന്ന് അദ്ദേഹത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. അദ്ദേഹത്തിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ് തെരഞ്ഞെടുപ്പിൽ സോണിയ ​ഗാന്ധിക്കെതിരെ മത്സരിച്ച് അതു തെളിയിച്ചു. ഇതൊക്കെയാണെങ്കിലും, ജിതിൻ പ്രസാദക്ക് സോണിയ ഗാന്ധി ഒരു ലോക്‌സഭാ ടിക്കറ്റ് നൽകി അദ്ദേഹത്തെ മന്ത്രിയാക്കി. അദ്ദേഹം ചെയ്തത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ നടപടിയെ അപലപിക്കുകയും ചെയ്യണം” – പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE