തിരുവനന്തപുരം: ഡോക്‌ടർമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കും പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഓഗസ്‌റ്റ് 9ന് ഡോക്‌ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിന്റെ അടിസ്‌ഥാനത്തിലാണ് ഉത്തരവ്.
ഡോക്‌ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ അടുത്തിടെ കൂടുതലായി റിപ്പോര്‍ട് ചെയ്‌തിരുന്നു എന്നും ഡോക്‌ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
ആശുപത്രികളിലെ കാഷ്വാലിറ്റി, ഒപി പരിസരങ്ങളില്‍ സിസിടിവി സ്‌ഥാപിക്കാൻ തീരുമാനമായി. പോലീസ് എയ്ഡ് പോസ്‌റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്‌റ്റുമായി ബന്ധപ്പെടുത്തും. സിസിടിവി കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫിസര്‍ക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നല്‍കും.
കൂടാതെ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണ്. അതേസമയം ഒപി, കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്‌ഥരെ ഇനി മുതല്‍ വിമുക്‌ത ഭടൻമാരുടെ സൊസൈറ്റി/സംഘടന എന്നിവയില്‍ നിന്നും മാത്രമെ നിയമിക്കാവു എന്നും നിർദ്ദേശത്തിൽ പറയുന്നു.
Most Read: 5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്