ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നെത്തും. ദിബ്രുഗഡിലെ ലാഹോളിലെ കോളേജ് വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കും.
പിന്നീട് ദിബ്രുഗഡിലെ പാനിറ്റോള ബ്ളോക്കിലെ ഡിൻജോയിയിൽ നടക്കുന്ന തേയിലത്തോട്ട തൊഴിലാളികളുടെ റാലിയിൽ രാഹുൽ പങ്കെടുക്കുമെന്നും കോൺഗ്രസ് അറിയിച്ചു. ടിൻസുകിയയിൽ നടക്കുന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്‌ത് സംസാരിക്കും.
ബിജെപിയിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാനുള്ള ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനെ നേരുന്ന കോൺഗ്രസ് ശക്‌തമായ പ്രചാരണ പരിപാടികളാണ് ഇത്തവണ നടത്തുന്നത്. അസമിലേക്ക് രാഹുൽ ഗാന്ധി നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണ് ഇത്. കഴിഞ്ഞ തവണ അസം സന്ദർശിച്ച രാഹുൽ, ശിവസാഗറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌തിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിന്റെ ഭാഗമായി സംസ്‌ഥാനം സന്ദർശിക്കും. മാർച്ച് 21, 22 തീയതികളിൽ അസമിൽ പ്രിയങ്ക ആറ് റാലികൾ നടത്തുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്യുന്നു. അസമിലെ 126 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. മെയ് 2ന് ഫലം പുറത്തുവരും.
Read Also: റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി