കോഴിക്കോട്: താമരശ്ശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ചവർക്ക് എതിരെ കേസെടുത്ത പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ. ഇത്തരമൊരു സംഭവം കണ്‍മുന്നില്‍ നടക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ആ സ്‌ത്രീയെ മരണത്തിനു വിട്ടു കൊടുക്കണം എന്നാണോ പോലീസ് പറയുന്നതെന്ന് മുനീര്‍ ചോദിച്ചു.
വിഷയത്തില്‍ ഇടപെട്ട എംകെ മുനീര്‍ പോലീസ് ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെടുകയും നാട്ടുകാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. നായകളുടെ ഉടമസ്‌ഥനെതിരെ ശക്‌തമായ നടപടി എടുക്കാനും മുനീര്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് ഡിവൈഎസ്‌പി ഉറപ്പ് നല്‍കിയതായി മുനീര്‍ പറഞ്ഞു.
അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായകളുടെ കടിയേറ്റത്. ഇന്നലെ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. രാവിലെ എസ്‌റ്റേറ്റ് വഴി ജോലിക്ക് പോകുകയായിരുന്ന ഫൗസിയയെ മൂന്ന് വളർത്ത് നായകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഫൗസിയയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാർ എത്തിയാണ് യുവതിയെ രക്ഷിച്ചത്. ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ നായകൾ പ്രദേശവാസികളെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
Most Read: പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ