തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പ്രസ്‌താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി കൊടുത്തതല്ലേയെന്ന് ചോദിച്ച സജി ചെറിയാൻ, വിശ്വാസമുള്ളവർക്ക് പോകാമെന്നും അല്ലാത്തവർക്ക് പോകാതിരിക്കാമെന്നും പറഞ്ഞു. ആർക്കും അഭിപ്രായം പറയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പിന്നാലെ, കേന്ദ്രമന്ത്രി വി മുരളീധരൻ, നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ, ഗായകൻ ജി വേണുഗോപാൽ എന്നിവരുൾപ്പെടെ ചിത്രയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.
ഗായിക കെഎസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്‌ജാവഹമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം കൂടിയായ ഖുശ്ബു അഭിപ്രായപ്പെട്ടു. കോൺഗ്രസും കമ്മ്യൂണിസ്‌റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്‌ണുതയാണെന്നും അവർ ആരോപിച്ചു. ജനുവരി 22ന് ആണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്നത്.
Most Read| രാഹുലിന് ആശ്വാസം; പുതിയ കേസുകളിൽ ജാമ്യം- ആദ്യകേസിലെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും