ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍; 2000 പേജ് കുറ്റപത്രവും 89 സാക്ഷികളെയും കോടതി പരിശോധിച്ചു

By Nidhin Sathi, Official Reporter
  • Follow author on
bishop_franco-case
Ajwa Travels

കോട്ടയം: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കേരളം ചർച്ച ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു കഴിഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ജി ഗോപകുമാറാണ് വിധി പറഞ്ഞത്.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളക്കല്‍ കന്യാസ്‌ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. വൈക്കം മുൻ ഡിവൈഎസ്‌പി കെ സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോയെ അറസ്‌റ്റ് ചെയ്‌തത്.

പീഡനം, ത‍ടഞ്ഞുവയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോക്കെതിരെ പോലീസ് ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ച് ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്‌ത്രീകൾ, ഏഴ് മജിസ്ട്രേറ്റുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും എടുത്തിരുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ്പ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്‌ജയിൻ ബിഷപ്പ് സെബാസ്‌റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്‌തരിച്ചു. ഇരയായ കന്യാസ്‌ത്രീയെ 12 ദിവസമാണ് വിസ്‌തരിച്ചത്. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് 6 സാക്ഷികളെയും വിസ്‌തരിച്ചിരുന്നു. ഇത്രയധികം സങ്കീർണമായ നിയമ പ്രക്രിയയിലൂടെ കടന്നുപോയ ഒരു കേസിൽ ഒന്നര വർഷത്തെ വിചാരണയ്‌ക്ക് ശേഷമാണ് ഇന്ന് വിധി പ്രഖ്യാപനം ഉണ്ടായത്.

ഇതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ കോടതിക്കെതിരെയും, നീതിന്യായ വ്യവസ്‌ഥയ്‌ക്ക് എതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്. സമീപകാലത്ത് മാദ്ധ്യമ വിചാരണയ്‌ക്ക് വിപരീതമായി കൂടുതൽ കേസുകളിൽ വിധി വരുമ്പോൾ അതിനെ പ്രതിരോധിച്ചു കൊണ്ട് ചാനലുകളും, പത്രങ്ങളും മൽസരിച്ചെഴുതുകയാണ്.

ഇത്തരമൊരു മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ, ഡസൻ കണക്കിന് സാക്ഷികളെ വിസ്‌തരിച്ച, സമൂഹത്തിലെ ഉന്നതൻ പ്രതിസ്‌ഥാനത്ത് വന്ന കേസിൽ ഒറ്റവാക്ക് കൊണ്ട് ആരോപണ വിധേയനെ കുറ്റവിമുക്‌തനാക്കുന്ന തരത്തിലേക്ക് കോടതിയെ നയിച്ചത് എന്തായിരിക്കാം ? അതിലേക്ക് ചർച്ചകൾ എത്താതിരിക്കാൻ മുഖ്യധാര മാദ്ധ്യമങ്ങൾ പോലും ശ്രമിക്കുമ്പോൾ വീഴ്‌ച ആരുടേതാണെന്ന ചോദ്യം വീണ്ടും ഉയരുന്നു.

ദുർബലമായ കുറ്റപത്രവും, പരസ്‌പരം കൂട്ടിച്ചേർക്കാൻ കഴിയാത്ത സാക്ഷിമൊഴികളും കേസുകളുടെ ഭാവി തീരുമാനിക്കുമ്പോൾ നാം ഇപ്പോഴും നീതിന്യായ വ്യവസ്‌ഥയെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കുകയാണ്. വാളയാർ കേസിൽ ഉൾപ്പെടെ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും, അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്‌ചകൾ പാഠമാക്കുന്നതിന് പകരം മാദ്ധ്യമ വിചാരണ മാത്രം ഉൾക്കൊണ്ട്, ഊഹാപോഹങ്ങളെ മാത്രം അവലംബിച്ച് വിധി പ്രഖ്യാപനം നടത്തുന്ന ഇടങ്ങളല്ല കോടതികളെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

അതിനാൽ തന്നെ ഏകദേശം 2000 പേജുകളുള്ള കുറ്റപത്രവും 89 സാക്ഷികളെയും പരിശോധിച്ച കോടതിയ്‌ക്ക് തെറ്റ് പറ്റിയെന്ന് ആരോപിക്കുന്നതിൽ വസ്‌തുത ഉണ്ടോയെന്ന് ചിന്തിക്കേണ്ടതുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനല്ലെന്ന് വിധിക്കാൻ കോടതിയെ സ്വാധീനിച്ച ഘടകങ്ങളിൽ എവിടെയെങ്കിലും പ്രോസിക്യൂഷനും, അന്വേഷണ സംഘത്തിനും വീഴ്‌ച പറ്റിയോയെന്ന പരിശോധനയാണ് ഇവിടെ ആവശ്യമെന്ന് ഈ രംഗത്തെ വിദഗ്‌ധരും ചൂണ്ടിക്കാണിക്കുന്നു.

Read Also: വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE