ഭുവനേശ്വർ: ഒഡിഷയിൽ സർക്കാരിനെതിരായ സമരത്തിനിടെ മുട്ടയേറ് നടത്തി കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച മുഖ്യമന്ത്രിയുടെ നേർക്ക് ബിജെപി പ്രവർത്തകർ മുട്ടയെറിഞ്ഞപ്പോൾ ഞായറാഴ്‌ച കേന്ദ്രമന്ത്രി ബിശ്വേശർ തുഡുവിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് കോൺഗ്രസ് പ്രവർത്തകർ മുട്ടയെറിഞ്ഞത്.
ബിജെഡിയുടെ വിദ്യാർഥി സംഘടനയായ ബിജു ഛത്ര ജനത ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ബിജെപിക്ക് നേരെ മുട്ടയേറ് നടത്തിയിരുന്നു. ഇതിൽ തിരിച്ചടിയെന്നോണമാണ് ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചീമുട്ട എറിഞ്ഞത്. തൊഴിലില്ലായ്‌മക്കും വിലക്കയറ്റത്തിനുമെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിലാണ് ബിജെഡി എംപി അപരാജിത സാരംഗിക്കെതിരെ മുട്ടയേറും കരിങ്കൊടി വീശലുമുണ്ടായത്.
വാഹനത്തിന് നേരെ കല്ലേറുണ്ടായതായും എംപിയുടെ സഹായി ആരോപിച്ചു. കത്തിയടക്കമുള്ള ആയുധങ്ങളും പ്രതിഷേധകരുടെ കൈവശമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബാലസോറിലെ പുതിയ റെയിൽവേ സ്‌റ്റേഷൻ നിർമാണ ഉൽഘാടന ദിവസവും ബിജെഡി- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പദ്ധതി കേന്ദ്ര സർക്കാരിന്റേതാണെന്ന് ബിജെപി വാദിച്ചപ്പോൾ സംസ്‌ഥാന സർക്കാരിന്റേതാണെന്ന് ബിജെഡി അവകാശപ്പെട്ടു. തർക്കം മൂർച്ഛിച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
Also Read: ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാച്ചിയിൽനിന്ന്; ഡെൽഹി പോലീസ്