ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിൽ. ശരത്ചന്ദ്രന്റെ കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദുപ്രകാശ് ആണ് പോലീസിന്റെ പിടിയിലായത്.
കേസിൽ ആറ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്‌ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.
അതേസമയം രാഷ്‌ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിനു പിന്നിലെന്ന് ഹരിപ്പാട് പോലീസ് പറഞ്ഞു. സംഭവത്തില്‍ രാഷ്‌ട്രീയ ബന്ധം ആരോപിച്ച് ബിജെപി രംഗത്ത് വന്നെങ്കിലും പോലീസ് ഇത് പൂർണമായും തള്ളി.
വ്യാഴാഴ്‌ച പുലർച്ചയോടെ ആയിരുന്നു സംഭവം. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. തൃക്കുന്നപ്പുഴ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഏഴംഗ സംഘമാണ് ശരത്തിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
Most Read: വാക്ക് പാലിക്കുന്നില്ല; ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലെന്ന് വിദേശകാര്യ മന്ത്രി