മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിന്റെ രാജിക്ക് ശേഷം അടുത്തത് മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയാണ് രാജി വെക്കേണ്ടതെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ്. ആഭ്യന്തര മന്ത്രി രാജി വെച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉദ്ദവ് താക്കറെയും രാജി വെക്കണം എന്നതാണ് രവിശങ്കര്‍ പ്രസാദിന്റെ ആവശ്യം.
‘അനില്‍ ദേശ്‌മുഖ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തത് രസകരമായി തോന്നുന്നു. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ഇനി എങ്ങനെയാണ്? ഉദ്ദവ് താക്കറെക്ക് മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരാനുള്ള അവകാശം ഇല്ലാതായിരിക്കുന്നു,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അഴിമതിയാരോപണ കേസ് സിബിഐക്ക് വിടാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടു പിന്നാലെയാണ് അനില്‍ ദേശ്‌മുഖ് രാജി വച്ചത്. മന്ത്രിക്കെതിരായ ആരോപണങ്ങളെപ്പറ്റി വിശദമായി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അനിൽ ദേശ്‌മുഖിന്റെ രാജിയെ തുടർന്ന് മഹാരാഷ്‌ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയായി മുതിർന്ന എൻസിപി നേതാവ് ദിലിപ് വൽസേ പാട്ടീൽ ചുമതയേൽക്കും. നിലവിൽ താക്കറെ മന്ത്രിസഭയിലെ തൊഴിൽ, എക്‌സൈസ് മന്ത്രിയായ പാട്ടീൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുൻ പിഎ ആയിരുന്നു.
Read also: മുസഫര്‍ നഗര്‍ കലാപക്കേസ് പ്രതി വിക്രം സെയ്‌നിക്ക് ജാമ്യം