കൊച്ചി: കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക് കൂടുതൽ കരുത്തേകി, പ്രതീക്ഷയുടെ പുത്തൻ ചിറകുമായികൊച്ചിയിലെ ബോൾഗാട്ടി മറീനയിൽ നിന്ന് 10.30ന് പറന്നുയർന്ന സീപ്‌ളെയിൻ (ജലവിമാനം) ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. സീപ്‌ളെയിൻ 10.57ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ പ്രത്യേകം തയ്യാറാക്കിയ എയ്‌റോഡ്രോമിൽ ഇറങ്ങി.
മന്ത്രി റോഷി അഗസ്‌റ്റിൻ, എംഎൽഎമാരായ എംഎം മണി, എ രാജ, ജില്ലാ കളക്‌ടർ വി വിഘ്നേശ്വരി എന്നിവർ ചേർന്ന് സ്വീകരിച്ചു. സീപ്ളെയിൻ എത്തുന്നതുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടിയിൽ ഇന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും ഡ്രോൺ പരത്തുന്നത് നിരോധിച്ചിരുന്നു. കൂടാതെ, സീപ്ളെയിനിന്റെ പരീക്ഷണ പറക്കൽ പൂർത്തിയാകുന്നതുവരെ മൂന്നാർ- മാട്ടുപ്പെട്ടി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവരുമായി ബോൾഗാട്ടിയിൽ തന്നെ ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് സീ പ്‌ളെയിൻ പുറപ്പെട്ടത്. മൈസൂരുവിൽ നിന്നാണ് സീപ്ളെയിൻ ഇന്നലെ കൊച്ചിയിലെത്തിയത്.
കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയർക്രാഫ്റ്റാണിത്. ഒരുസമയം 15 പേർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്‌ഥാന സർക്കാർ ജലവിമാനംകൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലിൽ പറന്നിറങ്ങിയ സീപ്ളെയിനിന് സംസ്‌ഥാന സർക്കാർ ഉജ്വല സ്വീകരണം നൽകിയിരുന്നു.
സമീപ ഭാവിയിൽത്തന്നെ കൂടുതൽ സീ പ്ളെയിനുകൾ അവതരിപ്പിക്കാൻ കഴിയുമോ എന്നാണ് സംസ്‌ഥാന സർക്കാർ ഉറ്റുനോക്കുന്നത്. ടൂറിസത്തിന് പുറമെ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്‌ഥർക്കും ആവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്‌ളെയിൻ പ്രയോജനപ്പെടുത്താമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം ഓപ്പറേറ്റർമാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സർവീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റീജിയണൽ കണക്‌ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാൻ കഴിയുന്ന വിമാനങ്ങളാണ് സീപ്ളെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ പുറം കാഴ്‌ചകൾ നന്നായി കാണാനാകും.
മൂന്നാറിന്റെയും പശ്‌ചിമഘട്ടത്തിന്റെയും ആകാശ കാഴ്‌ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്‌ട്രിപ്പുകൾ നിർമിച്ചു പരിപാലിക്കുന്നതിനുള്ള വലിയ ചിലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.
ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം ജില്ലയിലെ അഷ്ടമുടി കായൽ, കാസർഗോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്തെ കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ളെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!