മുംബൈ: ഇന്നലെ രാത്രി മുംബൈയിലെ കുർള ഈസ്‌റ്റിൽ നാല് നില കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണം 10 ആയി. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കുർള ഈസ്‌റ്റ്, നായിക് നഗറിലാണ് അപകടം നടന്നത്. അഗ്‌നിശമന സേനയും പോലീസും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്‌ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
പരിക്കേറ്റവർക്ക് രാജവാഡി, സിയോൺ ആശുപത്രികളിൽ സൗജന്യമായി ചികിൽസ ഏര്‍പ്പാടാക്കി. മഹാരാഷ്‌ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെ, സ്‌ഥിതിഗതികൾ അറിയാന്‍ ഇന്നലെ രാത്രി തന്നെ സംഭവ സ്‌ഥലം സന്ദർശിച്ചതായി ട്വിറ്ററില്‍ കുറിച്ചു.
പുലര്‍ച്ചെ രണ്ട് മണിക്ക് സ്‌ഥലം സന്ദര്‍ശിച്ചെന്നും 13 പേരെ രക്ഷപ്പെടുത്തിയെന്നും കെട്ടിടാവശിഷ്‌ടങ്ങളില്‍ 15 പേരോളം കുടുങ്ങിയിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ആദിത്യ താക്കറെ ട്വിറ്ററില്‍ കുറിച്ചു.
കൂടുതൽ പേർ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പ്രാദേശിക കോർപ്പറേറ്റർ പ്രവിണ മൊറാജ്കർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
Most Read: ‘മുംബൈയിലേക്ക് മടങ്ങൂ, എന്നോട് സംസാരിക്കൂ’; വിമതരോട് ഉദ്ധവ് താക്കറെ