ഇന്ത്യൻ ദേശീയ പതാകയണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് യുഎഇയുടെ ഐക്യദാർഢ്യം

By Desk Reporter, Malabar News
Bhurj Khalifa_2020 Aug 16
Ajwa Travels

ദുബൈ: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇന്ത്യ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനം ആചരിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട നിർമാണ സമുച്ചയമായ ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക പ്രദർശിപ്പിച്ചു ആശംസ നേർന്നിരിക്കുകയാണ് യുഎഇ. ബുർജ് ഖലീഫയിൽ ത്രിവർണ ചാരുതയോടെ പ്രകാശം നിറഞ്ഞപ്പോൾ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രഖ്യാപനം കൂടിയായി.

ദുബൈ ഡൗൺ ടൗണിൽ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യങ്ങളും യുഎഇ ബുർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെച്ചു. ‘സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടെയും ത്രിവർണം, സമൃദ്ധി നിറയട്ടെ’ എന്ന് ആശംസിച്ചുകൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഇന്ത്യൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന് സ്വാതന്ത്ര്യ ദിനാശംസകളുമായി സന്ദേശം അയച്ചിരുന്നു. കൂടാതെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനും ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നിരുന്നു.

ലോകമെങ്ങും കോവിഡ് ഭീതി നിലനിൽക്കുമ്പോൾ കൃത്യമായ സുരക്ഷയും അതോടൊപ്പം കരുതലും മുൻ നിർത്തിയാണ് ഇന്ത്യൻ ജനത സ്വാതന്ത്ര്യ ദിനത്തെ വരവേറ്റത്. ചെങ്കോട്ടയിൽ ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സ്വാതന്ത്ര്യദിന ചടങ്ങുകൾ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE