ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. നേതൃമാറ്റ ആവശ്യം ഉയർന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ കേന്ദ്ര നേതൃത്വം ഡെൽഹിയിലേക്ക് വിളിപ്പിച്ചു. എംഎൽഎമാർ പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രിയെ മാറ്റാൻ ബിജെപി തീരുമാനിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്‌ഥാനമാണ് ഉത്തരാഖണ്ഡ്. ഇനി സന്ധിയില്ലെന്ന തീരുമാനമാണ് വിമതർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി റാവത്ത് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നുമാണ് ഉയർന്നുവരുന്ന ആരോപണം.
ഇതിനെ തുടർന്ന് സംസ്‌ഥാന ബിജെപിയിലെ പ്രശ്‍നങ്ങൾ പഠിക്കാൻ എത്തിയ രമൺ സിങ്ങും ദുഷ്യന്ത് ഗൗതമും ഇന്നലെ അർധരാത്രിയോടെ ഡെൽഹിയിൽ മടങ്ങിയെത്തി. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ഡെൽഹിയിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും റാവത്തിനെ മാറ്റണമെന്നാണ് കേന്ദ്ര നിരീക്ഷകരുടെ റിപ്പോർട്. അതേസമയം, എല്ലാ എംഎൽഎമാരോടും ബുധനാഴ്‌ച ഡെറാഡൂണിൽ എത്താൻ നേതൃത്വം ആവശ്യപെട്ടിട്ടുണ്ട്.
Read also: ബംഗാളിൽ ‘ദീദി’യെ നേരിടാൻ ‘മോദി ദാദ’ ക്യാംപയിനുമായി ബിജെപി