ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന് ഒത്തുതീർപ്പ് ശ്രമങ്ങൾ തുടർന്ന് കേന്ദ്ര സർക്കാർ. താരങ്ങളുടെ സമരം പാർട്ടിക്ക് ക്ഷീണമായെന്ന വിലയിരുത്തലിലാണ് ബിജെപി. വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച പറ്റിയെന്ന് നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തിൽ അടക്കം സമരം ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്രം ഒത്തുതീർപ്പ് ശ്രമം തുടരുന്നത്. ഈ മാസം 21ന് നടക്കുന്ന പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് വിഷയം പരിഹരിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ താരങ്ങളുമായുള്ള ചർച്ച തുടരും. കായിക മന്ത്രി അനുരാഗ് ഠാക്കൂർ വിഷയത്തിൽ വീണ്ടും ഇടപെടും. താരങ്ങളെ വീണ്ടും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഗുസ്‌തി താരങ്ങളുടെ പ്രശ്‌നങ്ങൾ ഒരിക്കൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കായിക മന്ത്രി ട്വീറ്റ് ചെയ്‌തു.
അതേസമയം, ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെത്തി ഡെൽഹി പോലീസ് ജീവനക്കാരെ ചോദ്യം ചെയ്‌തിരുന്നു. വനിതാ താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ ഡെൽഹി പോലീസ് രണ്ടു എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ബ്രിജ് ഭൂഷണെതിരായ ലംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഡെൽഹി പോലീസ് എത്തിയത്.
തെളിവുകൾക്കായി വിവരങ്ങൾ ശേഖരിച്ചെന്നാണ് റിപ്പോർട്. ബ്രിജ് ഭൂഷന്റെ നിരവധി അനുയായികളെയും പോലീസ് ചോദ്യം ചെയ്‌തു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
എന്നാൽ, സമരം തുടരുമെന്നാണ് താരങ്ങൾ അറിയിച്ചത്. അതിനിടെ, കേസിൽ പ്രതിചേർക്കപ്പെട്ട ബ്രിജ് ഭൂഷണനെതിരെ ഈ മാസം ഒമ്പതിനകം നടപടി സ്വീകരിക്കണമെന്നാണ് കർഷക നേതാക്കൾ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകിയത്.
Most Read: ഒടിടി റിലീസിനെതിരെ പ്രതിഷേധം; ഇന്നും നാളെയും തിയേറ്ററുകൾ അടച്ചിടും