ചന്ദ്രശേഖർ ആസാദിന്റെ അകമ്പടി വാഹനത്തിന് നേരെ വെടിവെപ്പ്

By Desk Reporter, Malabar News
Chandrashekhar Azad_Malabar News
ചന്ദ്രശേഖർ ആസാദ്
Ajwa Travels

ലക്‌നൗ: നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അകമ്പടിയായി വന്ന വാഹനത്തിന് നേരെ അക്രമമുണ്ടായതെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വച്ചാണ് സംഭവം.

ചന്ദ്രശേഖർ ആസാദും തന്റെ രാഷ്‌ട്രീയ പ്രസ്‌ഥാനമായ ആസാദ് സമാജ് പാർട്ടിയും ആദ്യമായി മൽസരിക്കുന്ന തിരഞ്ഞെടുപ്പാണ് അടുത്ത മാസം നടക്കുന്ന ബിഹാര്‍, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുകൾ. ബുലന്ദ്‍ഷഹർ ഉപതിരഞ്ഞെടുപ്പിൽ ‘ഹാജി യാമിന്‍’ ആണ് ആസാദ് സമാജ് പാർട്ടിയുടെ സ്‌ഥാനാർഥിയായി മൽസരിക്കുന്നത്. ഇവിടെ പ്രചാരണ പരിപാടിയിലായിരുന്നു ചന്ദ്രശേഖർ ആസാദ്.

“ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഞങ്ങളുടെ സ്‌ഥാനാർഥിയെ എതിരാളികൾ ഭയപ്പെടുകയാണ്. ഇന്നത്തെ പാർട്ടി റാലി അവർക്ക് ആശങ്കയുണ്ടാക്കി. ഇത് കാരണമാണ് എന്റെ അകമ്പടി വാഹനത്തിന് നേരെ ഭീരുത്വപരമായ ആക്രമണമുണ്ടായത്. അവരുടെ നിരാശയാണ് ഇതിലൂടെ വ്യക്‌തമാകുന്നത്. അന്തരീക്ഷം എപ്പോഴും വിഷമയമാക്കാനാണ് അവരുടെ ആഗ്രഹം. എന്നാൽ ഞങ്ങൾ അത് അനുവദിച്ച് നൽകില്ല”; ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു.

ബിഹാറിൽ ‘ആസാദ് സമാജ് പാർട്ടി’ 30 സീറ്റുകളിലാണു മൽസരിക്കുന്നത്. രാജേഷ് രൺജന്റെ ജൻ അധികാർ പാര്‍ട്ടിയുമായി ചേർന്നാണ് ആസാദ് സമാജ് പാർട്ടി ജനവിധി തേടുന്നത്. എംഎല്‍എയായിരുന്ന വീരേന്ദ്ര സിങ് സിരോഹിയുടെ മരണത്തോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. സിരോഹിയുടെ ഭാര്യ ഉഷ സിരോഹിയാണ് ബിജെപി സ്‌ഥാനാർഥി.

ഭീം ആർമി എന്ന തന്റെ സംഘടന സാമൂഹിക പ്രവർത്തനങ്ങൾക്ക് മാത്രമായാണ് നിലകൊള്ളുന്നത്. ദേശീയ രാഷ്‌ട്രീയ രംഗത്ത് സജീവമായി ഇടപെടാനാണ് ആസാദ് സമാജ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം സമാന ചിന്തയുള്ള സംഘടനകളുടെയും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെയും സഹകരണം ഉറപ്പു വരുത്തി മൽസരിക്കും; ചന്ദ്രശേഖർ ആസാദ് വ്യക്‌തമാക്കി.

Most Read: പൗരത്വ ഭേദഗതി നിയമം; മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE