കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കേസെടുത്തതായി വടകര റൂറൽ എസ്‌പി ശ്രീനിവാസ് അറിയിച്ചു. പഞ്ചായത്ത് മെമ്പർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്‌ഫോടക വസ്‌തു നിർമിക്കാൻ ശ്രമിച്ചെന്ന് പോലീസ് വ്യക്‌തമാക്കി. ബോംബ് സ്‌ഫോടനം നടന്ന വടകര ചെരണ്ടത്തൂരിലെ വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്‌പി അറിയിച്ചു.
ഇയാളെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്‌തത വരുത്താൻ കഴിയുകയുള്ളൂ. പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന ഹരിപ്രസാദിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. സംഭവസ്‌ഥലത്ത് നിന്ന് സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Most Read: ഹിജാബ് നിരോധനം; പ്രതിഷേധം തുടരുന്നു, ഹുബ്ളിയില്‍ നിരോധനാജ്‌ഞ