സമരവുമായി കോളനി നിവാസികൾ; സബ് കളക്‌ടർ ഓഫീസിൽ നാടകീയ സംഭവങ്ങൾ

By Desk Reporter, Malabar News
Strike
Representational Image
Ajwa Travels

വയനാട്: സബ് കളക്‌ടർ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയിരുന്ന ഗോദാവരി കോളനി നിവാസികൾ ഇന്നലെ ഓഫീസ് വളപ്പിലേക്ക് കയറിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സബ് കളക്‌ടർ ഓഫീസിന്റെ പ്രവേശന കവാടത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്ന സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന നൂറിലേറെ പേർ ഇന്നലെ രാവിലെ 10 മണിയോടെ ഓഫീസ് വളപ്പിൽ കയറി സമരം തുടങ്ങുകയായിരുന്നു.

18 വർഷത്തോളമായി കുടിയേറ്റം നടന്ന ഗോദാവരി സെറ്റിൽമെന്റ് കോളനിയിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുത്തിയിരിപ്പ് സമരം നടത്തിയത്. സമരം അര മണിക്കൂറോളം നീണ്ടപ്പോൾ മുൻകൂട്ടി അനുവാദം വാങ്ങാത്തതിനാൽ ഉടൻ പിരിഞ്ഞ് പോകണമെന്ന് സമരക്കാരോട് പോലീസ് ആവശ്യപ്പെട്ടു.

ഇതോടെ സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സമരക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കാനുള്ള നടപടി സംഘർഷത്തിന്റെ വക്കിലെത്തി. സമരക്കാർക്കു പിന്തുണയുമായി ജനപ്രതിനിധികളും സ്‌ഥലത്ത് എത്തിയിരുന്നു. തുടർന്നു താലൂക്കിലെ വിവിധ സ്‌റ്റേഷനുകളിൽ നിന്നു കൂടുതൽ പോലീസും എത്തി.

18 വർഷം മുൻപു വനഭൂമിയിൽ കുടിൽകെട്ടി ജീവിതം ആരംഭിച്ച കോളനി നിവാസികൾക്ക് ഭൂമിക്കുള്ള കൈവശ രേഖകൾ ഇതുവരെ അധികൃതർ നൽകിയിട്ടില്ല. ഒരു അടിസ്‌ഥാന സൗകര്യങ്ങളും ഇല്ലാത്ത കോളനിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നു.

തുടർന്ന് സബ് കളക്‌ടർ വികൽപ് ഭരദ്വാജ് സമരക്കാരുടെ പ്രതിനിധികളെ ചർച്ചക്കു വിളിച്ചു. ഗോദാവരി കോളനിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, അടിയന്തരമായി കൈവശ അവകാശ രേഖ നൽകുക, ശുദ്ധജല പ്രതിസന്ധി പരിഹരിക്കുക, ഭവനരഹിതർക്ക് വീട് അനുവദിക്കുക, പൂർത്തിയാകാത്ത ഭവനങ്ങൾ പൂർത്തീകരിക്കാൻ ഫണ്ട് അനുവദിക്കുക, റോഡുകൾ പൂർത്തീകരിക്കുക, വഴി വിളക്കുകൾ സ്‌ഥാപിക്കുക, എഫ്ആർസി കമ്മിറ്റി പുനർസ്‌ഥാപിക്കുക, കളക്‌ടറോ സബ് കളക്‌ടറോ കോളനി സന്ദർശിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ചർച്ചയിൽ മുന്നോട്ട് വച്ചു.

വിഷയങ്ങൾ വിശദമായി കേട്ട സബ് കളക്‌ടർ അടുത്ത ദിവസം കോളനി സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി. കാര്യങ്ങൾ നേരിട്ട് പഠിച്ച് ആവശ്യങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്.

ചർച്ചയിൽ തവിഞ്ഞാൽ പഞ്ചായത്ത് അംഗം പിഎസ് മുരുകേശൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, കോളനി നിവാസികളായ കെസി ചന്ദ്രൻ, എംവി ബാലൻ, രുഗ്‌മിണി ചന്ദ്രൻ, പികെ ഗോപി തുടങ്ങിയവർ പങ്കെടുത്തു.

സിപി ചന്ദ്രൻ, രഷ്‌മി വിജേഷ്, പി ദാസൻ, ലക്ഷ്‌മി ബാലൻ, കൃഷ്‌ണൻ വട്ടർക്കുന്ന്, മുണ്ടൻ ഗോദാവരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Malabar News:  വടകരയിലെ വഴിയോര വിശ്രമകേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE