നടത്തിയത് കടുത്ത അച്ചടക്ക ലംഘനം; ‘ഹരിത’ കമ്മിറ്റി പിരിച്ചുവിട്ട് ലീഗ്

By Desk Reporter, Malabar News
MSF-Haritha Committee was dissolved
Ajwa Travels

കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ‘ഹരിത’യുടെ കമ്മിറ്റി പിരിച്ചുവിട്ട് മുസ്‌ലിം ലീഗിന്റെ പ്രതികാര നടപടി. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹരിത നടത്തിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ് എന്നാണ് ലീഗിന്റെ വിലയിരുത്തൽ.

പാർടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.

എംഎസ്എഫ് നേതാക്കളുടെയും ഹരിതയുടെയും കൂടുതല്‍ വിശദീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്‌ദുസമദ് സമദാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഹരിത വിഷയത്തില്‍ അന്തിമ തീരുമാനം ഉന്നതാധികാര സമിതി യോഗത്തില്‍ എടുക്കുമെന്ന് നേരത്തെ ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം എന്ന തങ്ങളുടെ ആവശ്യം ഹരിത നേതാക്കൾ അംഗീകരിക്കാതെ വന്നതാണ് ലീഗിനെ ചൊടിപ്പിച്ചത്. ലൈംഗിക അധിക്ഷേപം അടക്കം സ്‌ത്രീകൾക്ക് എതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയ പികെ നാവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ചു നിൽക്കുകയാണ്. പ്രശ്‌നം അവസാനിപ്പിക്കാൻ പരസ്യ മാപ്പ് എന്ന തന്ത്രത്തിലൂടെ ലീഗ് ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ തീരുമാനത്തിൽ ഉറച്ചു നിന്നു.

എംഎസ്എഫ് സംസ്‌ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ പരാതിയില്‍ ‘ഹരിത’ ഭാരവാഹികള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും അവർ പറഞ്ഞിരുന്നു.

എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്‌ദുൾ വഹാബ് തുടങ്ങിയവർക്ക് എതിരെയാണ് ഹരിത സംസ്‌ഥാന നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും വനിതാ നേതാക്കൾ ആരോപിച്ചു.

നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്‌മ തബ്ഷിറയും ചേർന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്.

Most Read:  ഇരുചക്രവാഹന യാത്രക്കാരിയോട് മോശമായി പെരുമാറി; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE