തിരുവനന്തപുരം: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയത് എങ്ങനെയാണ് പ്രശ്‌നമാകുന്നതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.
പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്‌റ്റ് നേതാക്കൾ വഞ്ചിച്ചു. നേതാക്കൾ വീട്ടിലിരുന്നിട്ട് തൊഴിലാളികളെ തോക്കിന്റെ മുന്നിലേക്ക് തള്ളിവിട്ടു. വിഎസ് അച്യുതാനന്ദൻ അടക്കം ആരും തന്നെ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ഗൗരിയമ്മ തന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി സന്ദീപ് വാചസ്‌പതി പുന്നപ്ര-വയലാർ സ്‌മാരകത്തിൽ എത്തി പുഷ്‌പാർച്ചന നടത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദീപ് സ്‌മാരകത്തിൽ എത്തിയത്. ബിജെപി പ്രവർത്തകർക്കൊപ്പം എത്തിയ സ്‌ഥാനാർഥി ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു.
സംഭവത്തിൽ സിപിഐ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സമൂഹത്തിൽ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്‌തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ പുഷ്‌പാർച്ചനയെന്ന് സിപിഐ നേതൃത്വം പറയുന്നു. ഇക്കാര്യത്തിൽ ബിജെപി നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. നികൃഷ്‌ടമായ നടപടിയാണ് ബിജെപി സ്‌ഥാനാർഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിപിഐ ആരോപിച്ചു.
Also Read: ശബരിമല: ചിലർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; കോടിയേരി