ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വിൽപന കുറയുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം. ഇന്ത്യൻ എണ്ണക്കമ്പനികൾ സൗദിയിൽ നിന്ന് അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നിൽ രണ്ടായി കുറയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ഉൾപ്പെടെയുള്ള നാല് എണ്ണക്കമ്പനികൾ സാധാരണ ഉള്ളതിനെക്കാൾ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു.
സാധാരണ മെയ് മാസത്തിൽ 1.5 കോടി വീപ്പ അസംസ്‌കൃത എണ്ണയാണ് ശരാശരി വാങ്ങുന്നത്. എന്നാൽ, ഇനി ഇത് ഒരു കോടി വീപ്പയായി ചുരുങ്ങാനാണ് സാധ്യത.
ക്രൂഡ് ഓയിൽ വിലവർധന നിയന്ത്രിക്കാൻ ഉൽപാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി മുഖവിലക്ക് എടുത്തിരുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് ഇന്ത്യ ഇറക്കുമതി കുറക്കാൻ തീരുമാനിച്ചത്. സൗദിയുമായുള്ള ദീർഘകാല കരാറിനു നിൽക്കാതെ, മറ്റു വിപണികളിൽ നിന്ന് അപ്പപ്പോഴുള്ള വിലക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യ ഇപ്പോൾ ആലോചിക്കുന്നത്.
ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 74.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 79.6 ശതമാനമായിരുന്നു. അതേസമയം 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗദിയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ യുഎസിൽ നിന്നുള്ള ഇറക്കുമതി ഇരട്ടിക്ക് മേലെയായിരുന്നു.
Also Read: അമിത് ഷായെയും യോഗിയെയും വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചതായി ഭീഷണി സന്ദേശം