തൃശൂർ: കുതിരാൻ തുരങ്കത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന. തൃശൂർ, പാലക്കാട്, എറണാകുളം കളക്‌ടർമാർ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. റവന്യു മന്ത്രി കെ രാജനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ രണ്ടാം തുരങ്കം അടുത്ത വർഷം ആദ്യം തുറക്കുമെന്നും മന്ത്രി അറിയിച്ചു.
രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഇതിന്റെ ട്രയൽ റൺ നടപ്പാക്കിയിരുന്നു. അപ്പോഴെല്ലാം മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് കുതിരാനിൽ അനുഭവപ്പെട്ടത്.
വൈകീട്ട് 4 മണി മുതൽ 8 മണി വരെ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ആലോചന. ഭാരമേറിയ വാഹനങ്ങൾ വഴുക്കുംപാറയിൽ നിന്ന് കയറ്റം കയറി തുരങ്കമെത്താൻ എടുക്കുന്ന സമയം കൊണ്ടാണ് കുരുക്ക് രൂക്ഷമാകുന്നത്. പ്രത്യേക പോലീസ് കൺട്രോൾ റൂമിന്റെ നേതൃത്ത്വത്തിലാണ് ഇപ്പോൾ ഗതാഗത നിയന്ത്രണമെങ്കിലും ഇത് ഫലപ്രദമല്ല.
Read also: ഒമൈക്രോണിനെ നേരിടാൻ കൂടുതൽ ശാസ്‌ത്രീയമായ പദ്ധതികൾ ആവശ്യം; ഡോ. സൗമ്യ സ്വാമിനാഥൻ