ബെംഗളൂരു: വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി കർണാടക സർക്കാർ. കേരളത്തിൽനിന്ന് 16 ദിവസംമുമ്പുവരെ വന്ന വിദ്യാർഥികളെ വീണ്ടും ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഹോസ്‌റ്റലിൽ തിരിച്ചെത്തുന്ന വിദ്യാർഥികൾ ആദ്യ ആർടിപിസിആർ ഫലം ലഭിച്ചതിനുശേഷം ഏഴുദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.
കേരളവുമായും മഹാരാഷ്‍ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന കർശനമാക്കും. അതിർത്തി ജില്ലകളിൽ മുഴുവൻ സമയവും പരിശോധന നടത്താൻ മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും. രണ്ട് സംസ്‌ഥാനങ്ങളിൽനിന്ന് വരുന്നവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധന കർശനമാക്കാനും യോഗം തീരുമാനിച്ചു.
കൂടാതെ വിദേശത്തുനിന്ന് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചാൽ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നും അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജുകളിലും നഴ്സിങ് കോളേജുകളിലും പരിശോധന കർശനമാക്കണമെന്നും നിർദ്ദേശമുണ്ട്.
Most Read: ട്രാക്‌ടർ റാലി മാറ്റി; ഡിസംബർ നാല് വരെ മറ്റ് സമര പരിപാടികൾ ഇല്ലെന്ന് കർഷക സംഘടനകൾ