ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്‌തമാക്കി. കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നും, ആവശ്യമായ വാക്‌സിന്‍ ഉൽപാദിപ്പിക്കാന്‍ ആവുമെന്നുമാണ് പ്രതീക്ഷയെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തെ വളരെ വേഗത്തില്‍ മറിടക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് രാജ്യത്തെ പ്രതിസന്ധിയിൽ ആക്കുമെന്നാണ് ധനകാര്യ മന്ത്രി നൽകുന്ന സൂചന. കോവിഡ് വാക്‌സിന്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാന്‍ ആകുമെന്ന ശുഭാപ്‌തി വിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു.
ഈ കൊടുങ്കാറ്റിനൊപ്പവും ഇന്ത്യ സഞ്ചരിക്കുമെന്നും പൊതു ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗികളെ സമയത്ത് തന്നെ പരിചരിക്കുമെന്നും അവര്‍ പറഞ്ഞു.
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) വെര്‍ച്വല്‍ വാര്‍ഷിക മീറ്റിംഗിന് ഇടയിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്. ആരോഗ്യ മേഖലക്ക് വലിയ സമ്മര്‍ദമാണ് കോവിഡ് വ്യാപനം നല്‍കുന്നതെന്നും വലിയ അളവില്‍ ആളുകൾക്ക് രോഗബാധ ഉണ്ടാവുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് 14 ദിവസം കഴിഞ്ഞാൽ രക്‌തദാനം നടത്താം