കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടന്ന പരസ്യ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കല്‍ കമ്മിറ്റി പിരിച്ചു വിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി. ഏരിയാ കമ്മിറ്റിയിലും അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്.
ഏരിയാ കമ്മിറ്റിയിൽ നിന്നും രണ്ട് പേരെ ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്. കെപി ചന്ദ്രി, ടികെ മോഹന്‍ദാസ് എന്നിവരെയാണ് ഒഴിവാക്കിയത്. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളോട് പാര്‍ട്ടി വിശദീകരണം തേടിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെയാണ് നടപടി. പരസ്യ പ്രതിഷേധ വിവാദത്തില്‍ കെപി കുഞ്ഞമ്മദ് കുട്ടി മാസ്‌റ്റർ എംഎല്‍എയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് എതിരെയും നടപടി ഉണ്ടായത്.
കുഞ്ഞമ്മദ് കുട്ടി മാസ്‌റ്റർ എംഎല്‍എയുടെ പഞ്ചായത്തിലാണ് നടപടി. പരസ്യമായ പ്രതിഷേധ പ്രകടനം, വോട്ട് ചോര്‍ച്ച എന്നിവയിലാണ് നടപടി. കുഞ്ഞമ്മദ് കുട്ടി മാസ്‌റ്ററുടെ പഞ്ചായത്തായ കുറ്റ്യാടിയിൽ 42 വോട്ടു മാത്രമായിരുന്നു സിപിഎം ലീഡ്. അവിടെ വിമത പ്രവർത്തനം നടന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിന് പിന്നാലെയായിരുന്നു പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. കെപി കുഞ്ഞമ്മദ് കുട്ടിയെ സ്‌ഥാനാർഥി ആക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇതാണ് ഇപ്പോൾ കടുത്ത അച്ചടക്ക നടപടിയിലേക്ക് എത്തിച്ചത്.
Most Read: കുതിരാൻ തുരങ്കം: സുരക്ഷക്കായി കൂടുതൽ നടപടിയെടുക്കും, ആശങ്ക വേണ്ട; മന്ത്രി