ജഡേജ കരുത്തില്‍ അവസാന പന്തില്‍ ചെന്നൈക്ക് ജയം; പ്‌ളേ ഓഫ് സാധ്യത മങ്ങി കൊല്‍ക്കത്ത

By Sports Desk , Malabar News
Ajwa Travels

ദുബൈ: അവസാന പന്ത് വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 173 റണ്‍സ് അവസാന പന്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ചെന്നൈ നേടി. കമലേഷ് നാഗര്‍കോട്ടി എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അത് അവസാന രണ്ട് പന്തില്‍ 7 റണ്‍സ് എന്ന നിലയിലേക്ക് ചുരുങ്ങി. എന്നാല്‍ അവസാന രണ്ട് പന്തും സിക്‌സര്‍ പറത്തി ജഡേജ ചെന്നൈക്ക് അവിസ്‌മരണീയ ജയം നേടിക്കൊടുക്കുക ആയിരുന്നു. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്‌ളേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു.

ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്‌ചിത 20 ഓവറില്‍ 5 വിക്കറ്റിന് 172 റണ്‍സാണ് നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തക്ക് ഓപ്പണര്‍മാരായ ശുബ്മാന്‍ ഗിലും നിതീഷ് റാണയും ശ്രദ്ധാപൂര്‍വമായ തുടക്കമാണ് നല്‍കിയത്. മുന്‍ മൽസരങ്ങളില്‍ ആദ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായ സാഹചര്യത്തില്‍ ഇരുവരും മോശം പന്തുകളെ മാത്രം ശിക്ഷിച്ച് വിക്കറ്റ് കളയാതെയാണ് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്. ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ഓവറുകളില്‍ കൂറ്റനടിക്ക് ശ്രമിക്കാതിരുന്നതിനാല്‍ കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡില്‍ ആറ് ഓവറുകള്‍ അവസാനിച്ചപ്പോള്‍ 48 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ടാമത്തെ ഓവറില്‍ കൊല്‍ക്കത്തക്ക് ശുബ്മാന്‍ ഗില്ലിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായി. കരണ്‍ ശര്‍മയുടെ ബോളില്‍ ക്‌ളീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഗില്‍ 17 പന്തുകളില്‍ 26 റണ്‍സ് നേടിയിരുന്നു. കൂറ്റനടികള്‍ക്കായി ഇറങ്ങിയ സുനില്‍ നരെയ്ന്‍ (7) മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ രവീന്ദ്ര ജഡേജ പിടിച്ച് വന്നതു പോലെ മടങ്ങി. നാലാമത് ഇറങ്ങിയ റിങ്കു സിംഗ് (11) ജഡേജയുടെ പന്തില്‍ അമ്പാട്ടി റായിഡുവിന്റെ കൈകളില്‍ ഒതുങ്ങിയതോടെ കൊല്‍ക്കത്തയുടെ സ്‌കോറിംഗ് വേഗത കുറഞ്ഞു.

ഇതിനിടെ നിതീഷ് റാണ 44 പന്തില്‍ നിന്ന് അര്‍ധ ശതകം തികച്ചു. അവസാന ഓവറുകളില്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് ഉള്ള നിതീഷ് കരണ്‍ ശര്‍മ എറിഞ്ഞ 16ആം ഓവറിലെ ആദ്യ മൂന്ന് പന്ത് ഗ്യാലറിയില്‍ എത്തിച്ചു സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 61 ബോളില്‍ 87 റണ്‍സ് നേടിയ റാണ എന്‍ഗിഡിക്കെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് സാം കറന്റെ കൈയില്‍ ഒതുങ്ങി പുറത്തായതോടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. അവസാന ഓവറില്‍ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ (15) പുറത്തായപ്പോള്‍ 10 പന്തില്‍ നിന്ന് 23 റണ്‍സ് എടുത്ത ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു. ചെന്നൈക്കായി ലുംഗി എന്‍ഡിഗി രണ്ടും ജഡേജ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ഷെയ്ന്‍ വാട്‌സനും ഗെയ്‌ക്ക്‌വാദും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ ഗെയ്‌ക്ക്‌വാദ് ആയിരുന്നു കൂടുതല്‍ അപകടകാരി. ടീം സ്‌കോര്‍ 50ല്‍ എത്തിയപ്പോള്‍ വാട്‌സന്റെ വിക്കറ്റ് വീണു. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ റിങ്കു സിംഗ് പിടിച്ച് പുറത്താകുമ്പോള്‍ ഒന്ന് വീതം സിക്‌സും ഫോറും അടക്കം 14 റണ്‍സായിരുന്നു വാട്‌സന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. അമ്പാട്ടി റായിഡു-ഗെയ്‌ക്ക്‌വാദ് സഖ്യം മൂന്നാം വിക്കറ്റില്‍ 27 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയതിന്റെ കരുത്തില്‍ ചെന്നൈ 12 ഓവറില്‍ 100 റണ്‍സിലെത്തി. ഇതിനിടെ 37 പന്തില്‍ നിന്ന് ഗെയ്‌ക്ക്‌വാദ് അര സെഞ്ചുറി തികച്ചു. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് തുടര്‍ച്ചയായി രണ്ടാം മൽസരത്തിലും യുവതാരം അര്‍ധ ശതകം നേടിയത്.

മികച്ച ഫോമില്‍ ആയിരുന്ന അമ്പാട്ടി റായിഡു (20 പന്തില്‍ 38) വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സുനില്‍ നരെയ്ന്‍ പിടിച്ച് പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. ഇതിനിടെ ക്യാപ്റ്റന്‍ മഹന്ദ്ര സിംഗ് ധോണി വന്നതും പോയതും ഒരുമിച്ചായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ചൊരു പന്ത് ലെഗ് സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ ധോണിക്ക് (1) കാഴ്‌ചക്കാരനായി നില്‍ക്കേണ്ടി വന്നു. കമ്മിന്‍സിന്റെ പന്തില്‍ തേഡ് മാനിലേക്ക് സ്വീപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഗെയ്‌ക്ക്‌ വാദിന്റെ (53 ബോളില്‍ 72) വിക്കറ്റ് തെറിച്ചതോടെ ചെന്നൈ  പരാജയം മണത്തു. എന്നാല്‍ അവസാന ഓവറുകളില്‍ ജഡേജയും (11 പന്തില്‍ 31) സാം കറനും (13) ചേര്‍ന്ന് ചെന്നൈക്ക് വിജയം നേടിക്കൊടുത്തു. കൊല്‍ക്കത്തക്കായി കമ്മിന്‍സും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.

Read also: ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സക്ക് മുന്നില്‍ അടിപതറി യുവന്റസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE