തിരുവനന്തപുരം: കെ റെയിലിനായി അതിരടയാള കല്ല് സ്‌ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കെന്നതിനെ ചൊല്ലി തർക്കം. ‘കല്ലിടുന്നത് റവന്യൂ വകുപ്പാകാം, ഞങ്ങൾ പറഞ്ഞിട്ടല്ല’ എന്ന കെ റെയിൽ അധികൃതരുടേതായി വന്ന വാർത്ത റവന്യൂ മന്ത്രി കെ രാജൻ തള്ളിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്ന് കെ റെയിലിന്റെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
കല്ലിടുന്നത് കെ റെയിൽ ആണെന്നും അത് റവന്യൂ വകുപ്പ് അറിയേണ്ടതില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞു. പുറത്തുവന്ന വാർത്തയുമായി ബന്ധമില്ലെന്ന് പിന്നീട് കെ റെയിൽ സമൂഹ മാദ്ധ്യമത്തിലെ ഔദ്യോഗിക പേജിൽ കുറിച്ചിരുന്നു. പക്ഷേ, അപ്പോഴും കല്ലിടലിന്റെ ഉത്തരവാദിത്തം കെ റെയിൽ ഏറ്റെടുത്തിട്ടില്ല.
സാമൂഹികാഘാത പഠനത്തിന് കല്ലിടൽ നിർബന്ധമല്ലാതിരുന്നിട്ടും കല്ല് സ്‌ഥാപിച്ചതിന്റെ ഉത്തരവാദികൾക്കാകും അതുവഴിയുണ്ടായ പ്രകോപനത്തിന്റെയും ഉത്തരവാദിത്തം. ഇതാണ് അധികൃതരുടെ ഒഴിഞ്ഞുമാറലിന് കാരണമെന്നാണ് വിലയിരുത്തൽ.
ഭൂമിയുടെ അധികാരം റവന്യൂ വകുപ്പിനാണ്. ഏത് വകുപ്പിന്റേതായാലും ഏത് പദ്ധതിക്കും ഭൂമി ഏറ്റെടുക്കുന്നതിനും സർവേ നടത്തുന്നതിനും റവന്യൂ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. ആദ്യം സർവേക്ക് അനുമതി നൽകി റവന്യൂ വകുപ്പ് വിജ്‌ഞാപനമിറക്കും. ഇതനുസരിച്ച് സ്വകാര്യ ഭൂമിയിൽ സർവേ നടത്താനുള്ള അനുമതി നൽകാനായി അതത് ജില്ലയിലെ കളക്‌ടർമാർ വിജ്‌ഞാപനമിറക്കും. ഇതനുസരിച്ച് സ്വകാര്യ ഭൂമിയിൽ സർവേ നടത്താനുള്ള അനുമതി നൽകാനായി അതാത് ജില്ലയിലെ കളക്‌ടർമാർ വിജ്‌ഞാപനമിറക്കും.
സർവേ ഏജൻസികൾക്കൊപ്പം റവന്യൂ ഉദ്യോഗസ്‌ഥരും തുടർ നടപടിയുടെ ഭാഗമാകും. പദ്ധതിക്ക് വേണ്ടിയാകുമ്പോൾ അതിന്റെ നിർവഹണ ഏജൻസി നിശ്‌ചയിക്കുന്ന വിധത്തിലാണ് അതിരടയാളം രേഖപ്പെടുത്തുക. സിൽവർലൈൻ പദ്ധതിക്ക് കെ റെയിൽ കോർപറേഷൻ നിശ്‌ചയിച്ച കല്ലാണ് സ്‌ഥാപിക്കുന്നത്.
Most Read: മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപം; മാപ്പ് പറഞ്ഞ് വിനായകൻ