ന്യൂഡെൽഹി: ഡിഎൻഎ പരിശോധനക്ക് താൽപര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനക്ക് ഉത്തരവിടുന്നത് കോടതികൾ ഒഴിവാക്കണമെന്നും ജസ്‌റ്റിസ് ആർ സുഭാഷ് റെഡ്‌ഡി അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
സ്വത്തുവകകളുടെ ഉടമസ്‌ഥാകാശത്തിൽ പരാതിക്കാരനെ അയാളുടെ താൽപര്യത്തിന് വിരുദ്ധമായി ഡിഎൻഎ പരിശോധനക്ക് വിധേയമാക്കാമോ, പരിശോധനക്ക് സ്വയമേധയാ സമ്മതിക്കാത്ത വ്യക്‌തിക്ക് വസ്‌തുവിലെ അവകാശം തെളിയിക്കാൻ മറ്റു രേഖകൾ ഹാജരാക്കാൻ യോഗ്യതയുണ്ടോ, സമ്മതമില്ലാത്ത വ്യക്‌തിയെ പരിശോധനക്ക് നിർബന്ധിക്കാമോ എന്നീ വിഷയങ്ങളാണ് പരിശോധിച്ചത്.
കക്ഷികളുടെ താൽപര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക-സാംസ്‌കാരിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസിൽ തീരുമാനമെടുക്കാനെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം പരിശോധനകൾ വ്യക്‌തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്‌ഥയുണ്ടായാൽ അയാൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീം കോടതി പറഞ്ഞു.
ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്‌തയുടെയും സോനാ ദേവിയുടെയും മകനാണെന്ന് അവകാശപ്പെട്ട് സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കോടതിയിലെത്തിയത്. ദമ്പതിമാരുടെ പെൺമക്കളാണ് കേസിലെ എതിർകക്ഷികൾ. ബന്ധം തെളിയിക്കാൻ അശോക് കുമാറിനെ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കണമെന്ന് പെൺമക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയമാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്.
Read Also: കോവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം