മയക്കുമരുന്ന് മാനവ വിഭവ ശേഷിയെ നശിപ്പിക്കുന്നു; നജീബ് കാന്തപുരം

പതിനായിരം വിദ്യാർഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ എൻഎസ്‌എസ് യൂണിറ്റുകൾ ആരംഭിച്ച പദ്ധതി നജീബ് കാന്തപുരം എംഎൽഎ ഉൽഘാടനം ചെയ്‌തു.

By Central Desk, Malabar News
Drugs Slavery destroys human resources; Najeeb Kanthapuram
Ajwa Travels

മലപ്പുറം: യൗവനം ലഹരിയിലേക്ക് വഴിമാറുന്നതിലൂടെ രാജ്യത്തിന്റെ മാനവ വിഭവശേഷി ഗുണമേൻമ കുറഞ്ഞു വരുന്നതായും ഇത് രാജ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്നും എംഎൽഎ നജീബ് കാന്തപുരം.

ജില്ലയിലെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ രണ്ട് എൻഎസ്‌എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോളേജ് ആന്റി നാർക്കോട്ടിക് സെല്ലുമായി സഹകരിച്ച് സംഘടിപ്പിച്ച ആന്റി നാർകോട്ടിക് കാംപയിൻ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു നജീബ് കാന്തപുരം.

സ്‌കൂൾ തലം മുതൽ തന്നെ ഞെട്ടിക്കുന്ന വാർത്തകളാണ് കേൾക്കുന്നത്. പ്രൊഫഷണൽ കലാലയങ്ങളിൽ നിന്നും മറ്റു ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ നിന്നും ഡി അഡിക്ഷൻ സെന്ററുകളിലേക്ക് എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ് -ഇദ്ദേഹം പറഞ്ഞു.

പരീക്ഷക്ക് മാർക്ക് കൂടാൻ എന്ന പേരിൽ പോലും ലഹരി മാഫിയകൾ ഒളിഞ്ഞും തെളിഞ്ഞും യുവതലമുറയിലേക്ക് ലഹരി എത്തിക്കുന്നുണ്ട്. ജീവനും ജീവിതത്തിനും ഒരുപോലെ ഭീഷണിയായ ലഹരി സമർഥമായി കൈമാറുന്നുണ്ട്. കാര്യബോധമുള്ളവർ പോലും ഭീകരമായ ഈ പടുകുഴിയിൽ ചെന്നു ചാടുന്നു. ലഹരിയുടെ നിരന്തരമായ ഉപയോഗം മൂലം പരിക്കേറ്റ മനസുകളിൽ പലതും തിരിച്ചുവരാനാവാത്ത വിധം തകർന്നിരിക്കുന്നു. -എംഎൽഎ ചൂണ്ടിക്കാട്ടി.

പുതിയ സാഹചര്യത്തിൽ സ്വയരക്ഷക്കും തങ്ങളുടെ സഹജീവികളെ രക്ഷിച്ചെടുക്കുന്നതിനും വേണ്ടിയുള്ള ലഹരി വിരുദ്ധ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയ എൻഎസ്‌എസ് വളണ്ടിയർമാരെ അഭിനന്ദിക്കുന്നതായും ലഹരി വിരുദ്ധ കാംപയിനുകൾ ചടങ്ങുകളായി മാറുന്ന കാലത്ത് ജീവിതത്തെ ലഹരിയാക്കി മുന്നേറണമെന്നും വിദ്യാർഥികളോട് നജീബ് കാന്തപുരം പറഞ്ഞു.

പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശിശു മാനസികാരോഗ്യ വിദഗ്‌ധ ഡോ. ശാന്തി തോമസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കോളേജ് അറബിക് വിഭാഗം മേധാവി ഡോ. എൻ മുഹമ്മദ് അലി, പ്രൊഫ. കെപി അബ്‌ദു റഷീദ്, പെരിന്തൽമണ്ണ സിവിൽ സർവീസ് അക്കാദമി ഡയറക്‌ടർ സംഗീത്, ഡോ. സബിർ നവാസ് സിഎം, ഡോ. എം ബഷീർ, ഡോ. മുഹമ്മദ് ബഷീർ സികെ, കോളേജ് സാമ്പത്തിക ശാസ്‌ത്ര വിഭാഗം മേധാവി പ്രൊഫ. ഇബ്രാഹീം പികെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വേദിയിൽ എൻഎസ്‌എസ് വളണ്ടിയർമാർ ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു. വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുത്ത വിവിധ ടീമുകളുടെ നേതൃത്വത്തിൽ പ്രദേശത്തെയും പരിസരങ്ങളിലേയും പതിനായിരം വിദ്യാർഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞു. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നിഷാദലി വി സ്വാഗതവും സഈദ പിലാത്തോട്ടത്തിൽ നന്ദിയും പറഞ്ഞു.

Related : ലഹരിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യം; എസ്‌വൈഎസ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE