ദുബായ്: ബന്ധുക്കളെ കൊണ്ടുവരാനുള്ള ടൂറിസ്‌റ്റ്, സന്ദർശക വിസ ലഭിക്കാൻ വാടക കരാർ നിർബന്ധമാക്കി ദുബായ്. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കാമെന്നും അധികൃതർ നിർദ്ദേശിച്ചു. 30 ദിവസത്തെ വിസയ്‌ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ ഒന്ന് മുതൽ 30 ദിവസം വരെയുള്ള ഏത് ഹോട്ടൽ ബുക്കിങ് കാലയളവും സ്വീകാര്യമാണ്.
60 ദിവസത്തെ വിസാ അപേക്ഷയാണെങ്കിൽ ഹോട്ടൽ ബുക്കിങ് കാലയളവ് 35 മുതൽ 60 ദിവസത്തേക്ക് ആയിരിക്കണം. കൂടാതെ മടക്ക ടിക്കറ്റും ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങിലെ തീയതികളും റൗണ്ട് ട്രിപ്പ് ടിക്കറ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
അറ്റാച്ച് ചെയ്‌ത രേഖകൾ തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയാൽ കാരണം വ്യക്‌തമാക്കാതെ ഇമിഗ്രേഷൻ അപേക്ഷകൾ നിരസിച്ചേക്കാം. അനാവശ്യമായ കാലതാമസങ്ങളോ നിരസിക്കലുകളോ ഒഴിവാക്കാൻ ഈ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ അഭ്യർഥിച്ചു.
ടൂറിസ്‌റ്റ്, സന്ദർശക വിസാ നിയമം കർശനമാക്കിയതോടെ വിസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ വലയുന്നുണ്ട്. സന്ദർശക വിസ കാലാവധി കഴിഞ്ഞു പുതിയ വിസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങിയെത്താനാകാതെ ബുദ്ധിമുട്ടിലായത്. രാജ്യം വിടാതെ രണ്ടുതവണയായി ഒരുമാസം വീതം വിസാ കാലാവധി നീട്ടാൻ വ്യവസ്‌ഥയുണ്ടെങ്കിലും ഇതിന് ഫീസ് നിരക്ക് കൂടുതലാണ്.
അതുകൊണ്ടുതന്നെ എക്‌സിറ്റ് അടിച്ച് രാജ്യത്തിന് പുറത്തുപോയി വീണ്ടും പുതിയ വിസ എടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചിലവ് കണക്കിലെടുത്ത് ട്രാവൽ ഏജൻസി മുഖേന മിക്കവരും ജിസിസി രാജ്യങ്ങളിലേക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി യാത്ര ചെയ്യുന്നത്. ഫ്‌ളൈ ദുബായ്, എയർ അറേബ്യ ഉൾപ്പടെയുള്ള പല വിമാന കമ്പനികളും ഇതിനായി റൗണ്ട് ദ് ട്രിപ്പ് ടിക്കറ്റുകളും നൽകുന്നുണ്ട്.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി