പിടികിട്ടാപ്പുള്ളിയായി ദുൽഖർ; നിഗൂഢതകൾ ഒളിപ്പിച്ച കുറുപ്പിന്റെ ട്രെയ്‌ലർ പുറത്ത്

By Staff Reporter, Malabar News
Malabarnews_kurupp
Representational image
Ajwa Travels

ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ക്രൂരനും, കാപട്യക്കാരനുമായ കുറുപ്പിന്റെ വിവിധ ​ഗെറ്റപ്പുകളാണ് ട്രെയ്‌ലറിലുള്ളത്. മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തെ വിറപ്പിച്ച കൊടുംകുറ്റവാളി സുകുമാര കുറുപ്പിന്റെ കഥ അഭ്രപാളിയിൽ എത്തുമ്പോൾ ഏറെ വിമർശനങ്ങളും അണിയറ പ്രവർത്തകർ നേരിടുന്നുണ്ട്.

എന്നാൽ സിനിമ ഒരിക്കലും സുകുമാര കുറുപ്പെന്ന ക്രിമിനലിനെ ഗ്ളോറിഫൈ ചെയ്യുന്ന ഒന്നായിരിക്കില്ലെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുൽഖർ സൽമാന്റെ യൂട്യൂബ് പേജിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച ട്രെയ്‌ലറിന്റെ ആദ്യാവസാനം ഭീതി പരത്താൻ സുഷിൻ ശ്യാമിന്റെ പശ്‌ചാത്തല സംഗീതത്തിന് കഴിയുന്നുണ്ട്.

അന്വേഷണ ഉദ്യോ​ഗസ്‌ഥനായ കൃഷ്‌ണദാസായി ഇന്ദ്രജിത്തും പ്രധാനവേഷത്തിലുണ്ട്. തമിഴ് നടൻ ഭരത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരും താരനിരയിലുണ്ട്. മൂത്തോനിലൂടെ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് നായിക. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഡാനിയൽ സായൂജ് നായർ, കെഎസ് അരവിന്ദ് എന്നിവർ ചേർന്നാണ് ഒരുക്കിയത്, കഥ ജിതിൻ കെ ജോസിന്റേതാണ്.

നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. പശ്‌ചാത്തല സം​ഗീതത്തിനൊപ്പം ഗാനങ്ങളും ഒരുക്കിയത് സുഷിൻ ശ്യാമാണ്. വിനീഷ് വിശ്വലാലാണ് ക്രിയേറ്റീവ് ഡയറക്‌ടർ. എഡിറ്റിങ് വിവേക് ഹർഷൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രമിറങ്ങും. വേ ഫാറർ ഫിലിംസും എം സ്‌റ്റാർ എന്റർടെയിൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവംബർ 12നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Read Also: ടി-20 ലോകകപ്പ്; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യക്ക് അഫ്‌ഗാൻ വെല്ലുവിളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE