ഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കൂർ റഹ്‌മാൻ, പിഎഫ്ഐ മസൂദ് അഹമ്മദ്, എംഡി ആലം, കെഎ ഷെരീഫ് എന്നിവരാണ് മറ്റ് നാല് പേർ.
ലക്‌നൗവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹത്രസിലെ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട് ചെയ്യാൻ പോകുന്നതിനിടെ ആണ് മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്‌റ്റിലാകുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്. എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌ത റൗഫ് ഷെരീഫിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.
റൗഫ് ഷെരീഫിന്റെ അക്കൗണ്ടിൽ കണ്ടെത്തിയത് 2.21 കോടി രൂപയാണ് എന്നാണ് എൻഫോഴ്‌സ്‌മെന്റ് വാദം. മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വിദേശത്ത് നിന്നും ഈ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ എത്തിയിട്ടുണ്ട്.
റൗഫ് ഷെരീഫ് പിന്നീട് ഈ പണം കാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതിക്കൂർ റഹ്‌മാന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കാമ്പസ് ഫ്രണ്ടിന്‍റെ പേരിൽ വേറെ ബാങ്ക് അക്കൗണ്ടുണ്ടായിരുന്നില്ല എന്നും, എല്ലാ പണമിടപാടുകളും റൗഫിന്റ് പേരിൽ മാത്രമാണ് നടത്തിയിരുന്നതെന്നും റിമാൻഡ് റിപ്പോർട് ആരോപിക്കുന്നു.
പല തവണ സമൻസ് അയച്ചിട്ടും റൗഫ് ഷെരീഫ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. 2020 ഒക്‌ടോബർ 5ന് യുപി പോലീസ് അറസ്‌റ്റ് ചെയ്‍ത സിദ്ദിഖ് കാപ്പന് ജാമ്യം പോലും നിഷേധിച്ചാണ് ഇപ്പോഴും തടവിൽ വെച്ചിരിക്കുന്നത്.
Read Also: അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറച്ചു; മദ്യനികുതിയിൽ 25 ശതമാനം കുറവ്